കൊച്ചി : കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് 209 തടവുകാരെ ശിക്ഷായിളവ് നൽകി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. 10 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയവരെ വിട്ടയച്ച് 2011 ൽ സർക്കാർ ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
വധശിക്ഷ ജീവപര്യന്തമാക്കിയവർക്കും ജീവപര്യന്തക്കാർക്കും 14 വർഷമെങ്കിലും കഴിയാതെ ശിക്ഷായിളവ് നൽകരുതെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ 433 എ വകുപ്പ് പാലിക്കാതെയാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വിലയിരുത്തി. 2011 ഫെബ്രുവരി 18 ലെ ഉത്തരവ് പ്രകാരം മോചിതരായെങ്കിലും ഗവർണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇവരെ വീണ്ടും തടവിലാക്കാൻ നിർദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
209 പ്രതികളുടെയും ശിക്ഷായിളവിന്റെ കാര്യം ആറ് മാസത്തിനകം സർക്കാരും ഗവർണറും പുതുതായി പരിഗണിച്ച് തീരുമാനമെടുക്കണം. ഇല്ലെങ്കിൽ ഇവർ ബാക്കി ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവുണ്ട്.
മോചിതരായ ശേഷം ഏഴു വർഷത്തെ ഇവരുടെ പെരുമാറ്റം കൂടി കണക്കിലെടുത്ത് ശിക്ഷായിളവിന്റെ കാര്യം തീരുമാനിക്കാം.
കൊടും ക്രിമിനലുകൾക്ക് പോലും ശിക്ഷായിളവു നൽകുന്നെന്ന് ആരോപിച്ച് തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ ഹർജിയും ഒഴിവാക്കപ്പെട്ട ചില തടവുകാരുടെ ബന്ധുക്കൾ നൽകിയ ഹർജികളും പരിഗണിച്ചാണ് ഉത്തരവ്.
ഇളവ് നൽകുമ്പോൾ ഇരകളുടെ കുടുംബത്തിനും സമൂഹത്തിനും ഇതുമൂലമുള്ള ഫലം, ഭാവിയിൽ ഇതൊരു കീഴ്‌വഴക്കമാവുന്നില്ലെന്ന ഉറപ്പ് തുടങ്ങിയവ പരിശോധിക്കണം. ശിക്ഷായിളവ് നൽകിയത് പൊതുതാത്പര്യം മുൻനിറുത്തിയല്ല. കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
ശിക്ഷായിളവിന്റെ കാരണം വിശദീകരിക്കണമെന്നില്ലെന്നതു ശരിയാണ്. ഇതിന്റെ പേരിൽ തടവുകാരെ മതിയായ കാരണമില്ലാതെ വിട്ടയയ്ക്കാനാവില്ല.
ഇളവു നൽകുമ്പോൾ ക്രിമിനൽ നടപടി ചട്ടത്തിൽ ഭേദഗതിയിലൂടെ കൊണ്ടുവന്ന 433 എ വകുപ്പ് പ്രകാരമുള്ള വ്യവസ്ഥ പാലിക്കണം. ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാതെ ശിക്ഷായിളവിനുള്ള അധികാരം വിനിയോഗിക്കുന്നത് സ്വേച്‌ഛാപരവും നിയമവിരുദ്ധവുമാണ്. തീരുമാനമെടുക്കേണ്ടത് ഗവർണറാണെങ്കിലും ഇതിനുള്ള ശുപാർശ നൽകുന്നത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ ശുപാർശയും നിയമാനുസൃതമായിരിക്കണമെന്നു വിധിയിൽ പറയുന്നു.