കൊച്ചി: കേരളത്തിന്റെ കഴിഞ്ഞകാല ചരിത്രത്തെയും നവോത്ഥാന വിപ്ലവ പോരാട്ടങ്ങളെയും പ്രമേയമാക്കി നിർമ്മിച്ച വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമ വീണ്ടും തീയറ്ററുകളിലേക്കെത്തുന്നു. സിനിമ റിലീസ് ചെയ്ത് നാലു വർഷം കഴിഞ്ഞിട്ടും സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിലെ പാട്ടുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സിനിമ വീണ്ടും തീയറ്ററുകളിലെത്തിക്കാൻ പ്രേരണയായതെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ദൃശ്യമികവോടെയായിരിക്കും സിനിമ വീണ്ടും തീയറ്ററുകളിലെത്തിക്കുക. ഫെബ്രുവരി ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചിത്രം പ്രദർശനം നടത്തും. കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.കെ. മേദിനി, ഋതേഷ് പ്രേംകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.