കൊച്ചി: പ്രളയസെസ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജീവനക്കാരിൽ നിന്നു ശമ്പളം പിടിച്ചുപറിക്കുന്ന സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷത്തിൽ ഒരിക്കൽ നടപ്പാക്കേണ്ട ശമ്പള കമ്മിഷൻ റിപ്പോർട്ട് നീട്ടിക്കൊണ്ടുപോയി അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, മുൻ എം.പി കെ.പി. ധനപാലൻ, എം.എൽ.എ മാരായ പി.ടി.തോമസ്, ഹൈബി ഈഡൻ, വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, മുൻ എം.എൽ.എ ലൂഡി ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വിമലൻ റിപ്പോർട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനം ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.