കൊച്ചി: എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ നടത്തിയ കൊച്ചി മൺസൂൺ മാരത്തൺ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 5ന് മഹാരാജാസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ഫാഫ് മാരത്തൺ വില്ലിംഗ്ടൺ ഐലൻഡിലെത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തിൽ സമാപിച്ചു.
മഹാരാജസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് ഷിപ്പ്‌യാർഡിൽ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തിലെത്തിയ ഫൺ റൺ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗും ജില്ലാകളക്ടർ മുഹമ്മദ് വൈ.സഫീറുള്ളയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
സ്ത്രീകളും, കുട്ടികളും, ഭിന്നശേഷിക്കാരും, ട്രാൻസ്‌ജെൻഡറും, വിദേശികളും, പുരുഷന്മാരുമടക്കം 5000 പേർ മാരത്തണ്ണിൽ പങ്കെടുത്തു.
എക്‌സൈസ്, സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തി, ജില്ല ഭരണകൂടം എന്നിവർ സംയുക്തമായാണ് മാരത്തൺ സംഘടിപ്പിച്ചത്.
ലഹരിവിരുദ്ധ സന്ദേശവുമായി മഹാരാജാസ് ഗ്രൗണ്ടിൽ ചേർന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ചന്ദ്രപാൽ, അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
35 വയസു വരെയുള്ള പുരുഷ ജനറൽ വിഭാഗത്തിൽ ഐസക് ഡ്യൂറോ, ഐസക് കിപ്പ് കിമോയ്, സഞ്ജയ് അഗർവാൾ എന്നിവരും വനിതാ വിഭാഗത്തിൽ ബ്രിജിഡ് ജെറോണോ, ഏയ്ഞ്ചൽ ജെയിംസ്, ആസാ ടി.പി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
35 മുതൽ 50 വയസ്സുവരെയുള്ള പുരുഷവിഭാഗത്തിൽ പാനൽ മയ്‌നാ ഗാരി, രാജ്.ടി , അബ്ദുൾ റഷീദ് കെ.എ എന്നിവരും വനിതാ വിഭാഗത്തിൽ നവോമി വാംബുയി ജോർജ്, എം. വാസന്തി, മീനാക്ഷി ശങ്കർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
50 വയസിനു മുകളിലുള്ള പുരുഷവിഭാഗത്തിൽ സ്റ്റീഫൻ കിഹാരാ ജികുകി, മുഹമ്മദ് ഇഡ്രിസ്, എ.ശശി എന്നിവരും വനിതാവിഭാഗത്തിൽ ലഫ്റ്റനന്റ്കേണൽ അനു ഷാജി, ജ്യോതി ശ്രീ , ജെസ്സി ആർ ജേക്കബ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഭിന്നശേഷി വിഭാഗത്തിൽ എബിൻ ജോസഫ്, പ്രതീഷ് കെ.എസ് , വേലായുധൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനത്തിന് അർഹരായി. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പ്രഖ്യാപിച്ച പ്രത്യേക പുരസ്‌കാരത്തിന് സഞ്ജീവ് കെ.ആർ, അൻബു ചെസിയാൻ, ജിൻസ് ബേബി എന്നിവർ അർഹരായി.