തൃക്കാക്കര : എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ മാതൃ ശിശു, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും അത്യാധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
285.31 കോടി മുടക്കി നടപ്പാക്കുന്ന പദ്ധതികൾ 2020 ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് ഭൂഗർഭ നിലകളും നാല് മുകൾ നിലകളും ഉൾപ്പെടെ എട്ട് നിലകളിലായി 83,0000 ചതുരശ്ര വിസ്തീർണ്ണത്തിലാണ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയം നിർമ്മിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിലും വാർഡുകളിലുമായി 683 കിടക്കകളും 14 ഓപ്പറേഷൻ തീയറ്ററുകളും ഉണ്ടാകും.
അത്യാധുനിക വിഭാഗങ്ങൾ
കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് സർജറി, ന്യൂറോളജി ആൻഡ് ന്യൂറോ സർജറി, ഗ്യാസ്ട്രോ എൻട്രോളജി ആൻഡ് ഗ്യാസ്ട്രോ സർജറി, യൂറോളജി ആൻഡ് നെഫ്രോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിറ്റേഷൻ, ഡെൻറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഇൻറർവെൺഷണൽ റേഡിയോളജി തുടങ്ങിയ ചികിത്സാ വിഭാഗങ്ങൾ. സുസജ്ജമായ അത്യാഹിതവിഭാഗം, ലബോറട്ടറി, ഫാർമസി സ്റ്റോറുകൾ.
ഹൃദോഗ ചികിത്സ സൗജന്യമായി
അതിനൂതന സാങ്കേതികവിദ്യയോടു കൂടിയ അമേരിക്കൻ നിർമിത കാത്ത് ലാബും പൂർണ്ണമായും സജ്ജമായ കാത്ത് ഐ.സി.യു.വുമാണ് ഹൃദ്രോഗ വിഭാഗത്തിൽ ഒരുക്കിയിട്ടുള്ളത്. നിർധന രോഗികൾക്ക് സൗജന്യമായും മറ്റുരോഗികൾക്ക് സർക്കാർ നിരക്കിലും ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം, പെയ്സ് മേക്കർ ഘടിപ്പിക്കൽ തുടങ്ങിയ നൂതന ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കും. ഹൃദയ വാൽവുകളിലെ ചുരുക്കം മാറ്റുവാനുള്ള ബലൂൺ വാൽവുലോപ്ലാസ്റ്റി, രക്ത അറകളിലെ സുഷിരങ്ങൾ ഓപ്പറേഷൻ കൂടാതെ പരിഹരിക്കുവാൻ ഡിവൈസ് ക്ലോഷർ, നാഡീരോഗങ്ങൾക്കായുള്ള ന്യൂറോ പാക്കേജ്, ഫോർ ഡി, എക്കോ കാർഡിയോഗ്രാം ഫോൾഡർ മോണിറ്ററിംഗ് ആംബുലേറ്ററി ഇ.സി.ജി എന്നിങ്ങനെ വിവിധ പദ്ധതികൾ സാധാരണക്കാർക്ക് ലഭിക്കും.
മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഉദ്‌ഘാടനചടങ്ങിൽ മന്ത്രി കെ .കെ .ശൈലജ അദ്ധ്യക്ഷയാകും. എം.പിമാരായ പ്രൊഫ. കെ. വി തോമസ് ,ഇന്നസെൻറ് ,ജോയ്സ് ജോർജ് , ജോസ് .കെ. മാണി , വി .കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, പ്രൊഫ. എം.കെ. സാനു തുടങ്ങിയവർ പങ്കെടുക്കും.