yakobaya-church

കോലഞ്ചേരി: ഓർത്തഡോക്‌സുകാർക്ക് അനുകൂലമായ കോടതി വിധി സർക്കാർ ഇന്നലെ നടപ്പാക്കിയതോടെ പഴന്തോട്ടം സെന്റ് മേരീസ് പള്ളിയും യാക്കോബായാ വിഭാഗത്തിന് നഷ്ടമായി. 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതി വിധിക്ക് ശേഷം യാക്കോബായ വിഭാഗത്തിന് നഷ്ടമാകുന്ന പതിനാറാമത്തെ പള്ളിയാണിത്.

ഫാ.മത്തായി ഇടയനാൽ ഓർത്തഡോക്‌സ് പക്ഷത്തിനൊപ്പവും ഭൂരിപക്ഷം വരുന്ന ഇടവകക്കാർ യാക്കോബായ പക്ഷത്തിനൊപ്പവും നിന്നതിനെ തുടർന്നായിരുന്നു വ്യവഹാരം. ഓർത്തഡോക്‌സ് പക്ഷത്തെ നാല് ഇടവകക്കാരുടെ കേസിൽ രണ്ടാഴ്ച മുമ്പാണ് ജില്ലാ കോടതി വിധിയുണ്ടായത്. യാക്കോബായക്കാരുടെ അപ്പീലിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.

ഇതോടെ വെള്ളിയാഴ്ച രാത്രി ഫാ.മത്തായി ഇടയനാലും ഏതാനും ഓർത്തഡോക്‌സ് വിശ്വാസികളും പള്ളിക്കുള്ളിൽ പ്രവേശിച്ചു. രാവിലെ വിവരമറിഞ്ഞ് പള്ളിക്കു മുന്നിൽ യാക്കോബായാ വിശ്വാസികളും സംഘടിച്ചു. പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറു‌ടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. തുടർന്ന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ഇരു സഭാ പ്രതിനിധികളുമായും ചർച്ച നടത്തി കോടതി വിധി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

യാക്കോബായാ ഇടവകാംഗത്തിന്റെ സംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതിനിടെ സംഘർഷം രൂപപ്പെട്ടു. കോടതി വിധി നടപ്പായതിനാൽ സംസ്‌കാര ശുശ്രൂഷ വീട്ടിൽ ചെയ്ത് മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ ഒടുവിൽ തീരുമാനിച്ചു.

ശ്രേഷ്ഠ ബാവയുടെ പ്രാർത്ഥനാ യജ്ഞം

പഴന്തോട്ടം സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടു നല്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് യാക്കോബായ സഭാ തലവൻ ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവ പള്ളിക്കു മുന്നിൽ പ്രാർത്ഥനാ യജ്ഞം തുടങ്ങി. മെത്രാൻമാരായ ഏലിയാസ് മാർ അത്തനാസിയോസും, കുര്യാക്കോസ് മാർ യൗസോബിയോസും ഒപ്പമുണ്ട്. പള്ളിയിൽ കയറിയ ഓർത്തഡോക്സ് വിഭാഗക്കാർ അവിടെ തുടരുകയാണ്.