ആലുവ: പ്രളയത്തിൽ തകർന്ന വീടിന്റെ പുനർനിർമാണത്തിൽ പങ്കാളിയായി പ്രമുഖ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. പ്രളയ ബാധിതർക്കായി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കെൽപുള്ള വീടു നിർമ്മിക്കാൻ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി നടപ്പാക്കുന്ന പദ്ധതിക്കായാണ് ജാക്വിലിൻ ആലുവയിൽ കൈകോർത്തത്.
പ്രളയത്തിൽ ഏറ്റവുമധികം നാശ നഷ്ടങ്ങളുണ്ടായ ആലുവയിൽ സന്നദ്ധ പ്രവർത്തകരോടൊപ്പമാണ് അവർ വീടു നിർമ്മാണത്തിൽ പങ്കാളിയായത്. ജാക്വിലിനോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ മലയാള നടി ശ്വേതാ മേനോനും നിർമ്മാണ സംരംഭത്തിൽ പങ്കാളിയായി. പ്രളയത്തിൽ വീടു നഷ്ടപ്പെട്ട തുരുത്ത് ശ്രീദേവി അനിൽകുമാർ ദമ്പതികൾക്കു വീടു നിർമ്മിക്കാനായി ഇന്നലെ ഇരുവരും സന്നദ്ധ പ്രവർത്തകരായെത്തിയത് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിനും നാടിനാകെയും അഭിമാനമായി. അൻവർ സാദത്ത് എം.എൽ.എ,
മുത്തൂറ്റ് ഗ്രൂപ്പ് ചീഫ് ജനറൽ മനേജർ ബിജുമോൻ, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ മനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. വീടു നിർമ്മാണത്തിന് ഹാബിറ്റാറ്റിനെ സഹായിച്ചത് മുത്തൂറ്റ് എം ജോർജ്ജ് ഫൗണ്ടേഷനാണ്.