ആലുവ: ജില്ല പഞ്ചായത്ത് ആലുവ ജില്ല ആശുപത്രിയിൽ ജെറിയാട്രിക് സെൻറർ ആരംഭിക്കുമെന്ന് പ്രസിഡൻറ് ആശ സനിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്‌ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യത്തെ വയോജന കേന്ദ്രമാണിത്. കേന്ദ്രത്തിൻറെ ശിലാസ്‌ഥാപനം തിങ്കളാഴ്ച്ച രാവിലെ 10.30 ന് നടക്കും. അൻവർ സാദത്ത് എം.എൽ.എ, സിനിമ താരം നിവിൻപോളി എന്നിവർ ചേർന്നാണ് ശിലാസ്‌ഥാപന കർമ്മം നിർവഹിക്കുന്നത്. ട
ആശുപത്രിയുടെ സമീപത്തെ ഒരേക്കറോളം വരുന്ന സ്‌ഥലത്ത് മൂന്ന് ഘട്ടങ്ങളിലായി ആറുനിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ആറുകോടി രൂപ ചെലവഴിക്കും. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഓരോ ഡോർമെറ്ററികളും ഓരോനിലകളിലും പത്തുവീതം റൂമുകളും ഉണ്ടാകും. സമ്പന്നർക്കും അല്ലാത്തവർക്കും ഇവിടെ പ്രവേശനം ലഭിക്കും. കൂടുതൽ സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് പണം നൽകി എ.സി മുറികൾ അടക്കമുള്ള സൗകര്യങ്ങൾ എടുക്കാം. ഇതിന് പുറമെ ഡൈനിങ് ഏരിയ, റിക്രിയേഷൻ ഏരിയ, പരിശീലന കേന്ദ്രം, പുറത്ത് വാക്‌വേകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. വിവിധ തരത്തിലുള്ള വിനോദോപാധികൾ, ചർച്ച ക്ലാസുകൾ, സാഹിത്യ സംവാദങ്ങൾ, എന്നിവയും ഇവിടെയുണ്ടാകും.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ബി.എ.അബ്‌ദുൽ മുത്തലിബ്, ജി.സി.ഡി.എ ചെയർമാൻ വി.സലിം, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുക്കും.