നെടുമ്പാശേരി: കാശ്‌മീരിൽ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച മേജർ ശശിധരൻ നായർ ജനിച്ചതും വളർന്നതും പൂനെയിലാണെങ്കിലും അച്ഛന്റെ നാടായ ചെങ്ങമനാടിനോട് എന്നും ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. ചെറുപ്പത്തിൽ നാട്ടിൽ വന്നിരുന്ന ശശിധരൻ നായർ സൈന്യത്തിൽ ചേർന്നതിനു ശേഷവും പലപ്പോഴും അച്ഛൻ വിജയൻപിള്ളയുടെ ചുള്ളിക്കാട്ട് തറവാട്ടിലെത്തി.
പൊയ്ക്കാട്ടുശേരി മായാട്ട് ലതയാണ്, നാട്ടുകാർ ശശി എന്നു വിളിക്കുന്ന ശശിധരൻ നായരുടെ അമ്മ. വിജയൻ പിള്ളയും അദ്ദേഹത്തിന്റെ അച്ഛൻ ഭാസ്കരൻ നായരും റെയിൽവേ ഉദ്യോഗസ്ഥരായിരുന്നു. അങ്ങനെയാണ് കുടുംബം പൂനെയിൽ സ്ഥിരതാമസമാക്കിയത്. അവധിക്കാലത്ത് വിജയൻ പിള്ളയ്ക്കൊപ്പം ശശിധരനും തറവാട്ടിലേക്കു വരുമായിരുന്നത് നാട്ടുകാർ ഓർമ്മിക്കുന്നു. മുതിർന്നതിനു ശേഷം, ബന്ധുക്കളുടെ വിവാഹത്തിനും ഉത്സവത്തിനും മറ്റുമെത്തിയിരുന്നു.
ജോലി ലഭിച്ചശേഷം ശശിധരനു വരാൻ കഴിയാത്തപ്പോൾ ഭാര്യ തൃപ്തിയെ ചെങ്ങമനാട്ടെ വീട്ടിലേക്ക് അയയ്ക്കും. കഴിഞ്ഞ ഏപ്രിലിലും തൃപ്തി നാട്ടിൽ വന്നിരുന്നു. ഇരുപതാം വയസിലാണ് ശശിധരൻ നായർ കരസേനയിൽ ചേർന്നത്. 10 വർഷത്തിനകം മേജറായി.
നാടുമായി ശശിധരൻ നായർ എന്നും അടുപ്പം സൂക്ഷിച്ചിരുന്നതായി മാതൃസഹോദരി തളിയിക്കര മായാട്ട് ഉഷ പറഞ്ഞു.
കാശ്മീരിൽവെള്ളിയാഴ്ച പട്രോളിംഗിടെയാണ് ബോബ് സ്‌ഫോടനത്തിൽ മേജർ ശശിധരൻ വീരമൃത്യു വരിച്ചത്. കാശ്മീരിൽ നിന്ന് മൃതദേഹം എത്തിക്കുന്നത് പൂനെയിലെ വീട്ടിലാണ്. ബന്ധുക്കൾ അവിടേക്കു തിരിച്ചിട്ടുണ്ട്.