കൊച്ചി : ആർത്തവ അയിത്തത്തിനെതിരെ ആർപ്പോ ആർത്തവം ആഘോഷം എറണാകുളം മറൈൻഡ്രൈവ് മൈതാനിയിൽ ആരംഭിച്ചു.

ട്രാൻസ്ജെൻഡറുകളായ രഞ്ജുമോൾ മോഹൻ, അനന്യ അലക്‌സ്, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവർ ചേർന്നാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കോവലൻ സംഘത്തിന്റെ പാട്ടുൾപ്പടെ കലാപരിപാടികൾ അരങ്ങേറി.

കേരളത്തിനകത്തും പുറത്ത് നിന്നുമായി നിരവധി സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരാണ് ആർപ്പോ ആർത്തവ വേദിയിലെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സി.പി.ഐ ദേശീയ നേതാവ് ആനിരാജ, ആദിവാസി നേതാവ് സി.കെ ജാനു, അനിതാ ദൂബെ, കെ.ആർ മീര, കെ. അജിത, സാറാ ജോസഫ്, സണ്ണി എം. കപിക്കാട്, സുനിൽ പി. ഇളയിടം തുടങ്ങിയവരും സംസാരിക്കും.

കൗമാരക്കാർ മുതൽ മുതിർന്നവർ വരെ റാലിയിൽ അണിനിരന്നു. റാലി സമ്മേളനം സംവിധായകൻ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ എട്ടു മുഖം അവതരിപ്പിക്കുന്ന ത്രീ ഡി പ്ലക്കാർഡുകളും സംഘാടകരായ മായാകൃഷ്ണൻ, ടി.ബി മിനി, പ്രീത, ജയന്തി, അശ്വതി കാർത്ത്യായനി, അഞ്ജലി ഷെറിൻ, കവിത, ജോളി ചെറിയാൻ, കെ.കെ ഷാഹിന, മിനി ഹരിദാസ്, നിഷ പാലമൂട്ടിൽ, ജെസി, പി.എസ് ജലജ, മോന എന്നിവരുടെ ചിത്രങ്ങൾ വരച്ച പ്ലക്കാർഡുകളും ആർത്തവ റാലിയിൽ ഇടം പിടിച്ചു. പാട്ടും നൃത്തവും ഉൾപ്പെടുന്ന മൂവിംഗ് തിയേറ്ററുകളും പഞ്ചമിപ്പാവയും റാലിയെ ആകർഷകമാക്കി. നാനൂറോളം പേർ റാലിയിൽ പങ്കെടുത്തു.