shajahan
ബിനാലെ വേദി പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സന്ദർശിക്കുന്നു

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ വിജ്ഞാന സമ്പാദനത്തിന്റെ ആധാരശിലയാണെന്നും കേരളത്തിലെ സ്‌കൂളുകൾ സമകാലീനകലാ സംബന്ധിയായ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ബിനാലെ സന്ദർശനത്തിനു ശേഷം പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന ആർട്ട് ബൈ ചിൽഡ്രൻ മികച്ച ആശയമാണ്. ഈ പദ്ധതി പ്രകാരം നിലവിൽ ഏഴ് സ്‌കൂളുകളിൽ ആർട്ട് റൂം എന്ന ആശയം നടത്തി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളും കലാസംബന്ധിയായ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കേരള പൊലീസ് അക്കാഡമിയിലെ 136 ട്രെയിനികളും ബിനാലെ സന്ദർശിച്ചു.

സാമ്രാജ്യത്വം, അടിമത്തം, വെള്ളപ്പൊക്കം, ചരിത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളെ മനോഹരമായി ബിനാലെ മൂന്നാം ലക്കം സംയോജിപ്പിച്ചിട്ടുണ്ടെന്ന് സ്‌കൂൾ ഒഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചിക്കാഗോയിലെ(എസ്.എ.ഐ.സി) പ്രൊഫ. ശൗര്യകുമാർ പറഞ്ഞു. ചിക്കാഗോയിൽ നിന്നും ബിനാലെ സന്ദർശിക്കാനെത്തിയ വിദ്യാർത്ഥി സംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.