sta

കളമശേരി (കൊച്ചി): ഐ.ടി രംഗത്ത് ലോകത്തെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനാവശ്യമായ ഭൗതിക, പശ്ചാത്തല, സാമൂഹിക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് സ്‌റ്റാർട്ടപ്പ് സമുച്ചയത്തിന്റെയും മേക്കർ വില്ലേജിന്റെയും ഉദ്ഘാടനം കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ഞൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാൻ 1,80,000 ചതുരശ്രയടി വിസ്‌തീർണമുള്ള ഇന്റഗ്രേറ്റഡ് സ്‌റ്റാർട്ടപ്പ് സമുച്ചയം ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. കേരളത്തിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ കയറ്റുമതി വർദ്ധിപ്പിക്കാൻ പുതിയ മേഖലകളിലേക്ക് നിക്ഷേപകരെ ആകർഷിക്കും. സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും.

കേരളത്തിൽ 1.30 കോടി ചതുരശ്രയടി വിസ്‌തീർണത്തിലായിരുന്ന ഐ.ടി പശ്ചാത്തല സൗകര്യങ്ങൾ 2.30 കോടി ചതുരശ്രയടി വിസ്‌തീർണത്തിലേക്ക് വർദ്ധിപ്പിക്കും. ഇതിൽ 30 ലക്ഷം ചതുരശ്രയടി വികസിപ്പിച്ചു. ഐ.ടി രംഗത്ത് 2.5 ലക്ഷം പേർക്ക് പ്രത്യക്ഷ തൊഴിൽ ലഭ്യമാക്കാനുള്ള ചുവടുവയ്പ്പാണ് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയവും മേക്കർ വില്ലേജും.

ജയ്‌പൂരിലെ ടെക്‌നോ ഹബ്ബിനെ പിന്തള്ളി കളമശേരി സമുച്ചയം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്പ് ഹബ്ബായി മാറി. 13 ഏക്കറിൽ ഏഴ് കെട്ടിടങ്ങളിലെ ഇന്നൊവേഷൻ സോൺ അഞ്ച് ലക്ഷത്തിലധികം ചതുരശ്രയടി വിസ്‌തീർണത്തിലേക്ക് ഭാവിയിൽ വികസിപ്പിക്കാനുമാകും.

നൂറിലധികം സ്റ്റാർട്ട്അപ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നൂതനാശയങ്ങൾ സ്വാംശീകരിക്കുന്നതിനും സൗകര്യങ്ങൾ ഇവിടെയുണ്ടാകുമെന്ന്

മുഖ്യമന്ത്രി പറഞ്ഞു. ബയോമെഡിക്കൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കൊച്ചി കാൻസർ സെന്ററുമായി സഹകരിച്ച് 7,500 ചതുരശ്രയടി വിസ്‌തീർണത്തിലാണ് സെന്റർ പ്രവർത്തിക്കുക. ബയോനെസ്‌റ്റിന്റെ ഉദ്ഘാടനം കെ.വി. തോമസ് എം.പി. നിർവഹിച്ചു. എ.ആർ/വിആർ ഗെയിമിംഗ് സെന്റർ ഒഫ് എക്‌സലൻസ് കളമശേരി നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാൽ ഉദ്ഘാടനം ചെയ്‌തു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർ വി.എസ്. അബൂബക്കർ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, കളക്‌ടർ മുഹമ്മദ് വൈ സഫീറുള്ള, ഐ.ഐ.ഐ.ടി എം.കെ ചെയർമാൻ മാധവൻ നമ്പ്യാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്‌ടർ ഡോ.എം. രാധാകൃഷ്‌ണ പിള്ള, ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഡയറക്‌ടർ ഡോ. ബി.എസ്. മൂർത്തി, അടൽ ഇന്നൊവേഷൻ മിഷൻ ഡയറക്‌ടർ രമണൻ രാമനാഥൻ, മേക്കൽ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.