കൊച്ചി: മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ധിക്കാരപരമായ സമീപനമാണ് സാലറി ചലഞ്ച് പരാജയപ്പെടാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവകേരളം നിർമ്മിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാലറി ചലഞ്ചിന്റെ പേരിൽ സംസ്ഥാനത്തെ ജീവനക്കാരെ ഭിന്നിപ്പിച്ചു. അതിന് ശേഷം ശബരിമല ചലഞ്ചിലൂടെ ജനങ്ങളെയും ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സർക്കാർ ജീവനക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുമെന്ന് ബഡ്ജറ്റിൽ പറഞ്ഞിരുന്നെങ്കിലും നടപ്പാക്കിയില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സുതാര്യമല്ലാതെ വിനിയോഗിച്ചു. പ്രളയാനന്തര കേരളത്തിന്റെ അവസ്ഥ അതീവ ഗുരുതരവും ദയനീയവുമാണ്. നഷ്ടത്തിന്റെ വ്യക്തമായ കണക്ക് ഇപ്പോഴും ഇല്ല. കഴിഞ്ഞ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും മറ്റും നടപ്പാക്കുകയല്ലാതെ പുതിയ ഒരു പദ്ധതികളും ഇടത് സർക്കാർ കൊണ്ടുവന്നിട്ടില്ല.
മതിലും ചങ്ങലയും തീർക്കലല്ല സർക്കാരിന്റെ ജോലി. അതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. രാഷ്ട്രീയമായ കാര്യങ്ങൾക്ക് പോലും ഖജനാവിൽ നിന്ന് പണം ചെലവാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ചടങ്ങിൽ കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഹൈബി ഈഡൻ, വി.ഡി. സതീശൻ, ജനറൽ സെക്രട്ടറി കെ. വിമലൻ, സ്വാഗതസംഘം ചെയർമാനും ഡി.സി.സി പ്രസിഡന്റുമായ ടി.ജെ. വിനോദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ, മുഹമ്മദ് സിയാസ്, എം.ആർ. അഭിലാഷ്, ടി.എ. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.