കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാം എന്നു പ്രഖ്യാപിച്ച് കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട 'ആർപ്പോ ആർത്തവം' പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.യാത്രാ പരിപാടിയിൽ ഇത് ഉണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും,
സംഘാടകരിൽ ചിലർ ചുംബനസമരക്കാരും തീവ്ര ഇടതു ചിന്താഗതിക്കാരുമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് എന്നാണ് സൂചന. ഉച്ചയ്ക്ക് 12ന് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം അയ്യപ്പ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും വേദിയിൽ ഉണ്ടായിരുന്നു. ശബരിമല ദർശനത്തിനു ശേഷം ആദ്യമായാണ് ഇവർ പൊതുവേദിയിൽ എത്തുന്നത്. മുൻകൂട്ടി അറിയിക്കാതെ, ഉച്ചക്ക് മൂന്നരയോടെയാണ് ഇരുവരും എത്തിയത്.
പൊതു സമൂഹത്തിന്റെ പിന്തുണയണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ആത്മാഭിമാനമുള്ള സ്ത്രീകൾ തങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ട്. വ്യക്തിപരമായി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും ഭയമില്ല. സമൂഹത്തിൽ പ്രശ്‌നമുണ്ടാകാതിരിക്കാനാണ് മാറിനിന്നതെന്നും അവർ പറഞ്ഞു.
യുവതീ പ്രവേശനം സംബന്ധിച്ച ചർച്ചയിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് പങ്കെടുത്തു. ഡോ. ജയശ്രീ, അഡ്വ.എ.കെ. മായാ കൃഷ്ണൻ എന്നിവർ സംസാരിച്ചു. സുനിൽ പി. ഇളയിടം, സണ്ണി എം. കപികാട്, അനിത ദുബേ, എം.എം. ലോറൻസ്, പി.വി. റജീന എന്നിവർ പങ്കെടുത്തു.