vellappally

കൊച്ചി : ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും സമൂഹത്തിൽ നിലനിൽക്കുന്ന ചാതുർവർണ്യത്തിനെതിരെ നവോത്ഥാന പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമായി നടത്തേണ്ട കാലമാണിതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്നതിനെതിരെ കൂട്ടായ പരിശ്രമം സംവരണ സമുദായങ്ങൾ നടത്തണം. തൃശൂർ, എറണാകുളം ജില്ലകളിലെ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഭാരവാഹികളുടെ യോഗം കണയന്നൂർ യൂണിയൻ ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. പല്പുവിന് ജോലി നിഷേധിച്ച ചാതുർവർണ്യം നൂറുവർഷം കഴിഞ്ഞും നിലനിൽക്കുന്നു. ആർ. ശങ്കറിനെയും വി.എസ്. അച്യുതാനന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തെങ്ങു കയറേണ്ടവരെന്ന് പരിഹസിക്കുന്നത് ചാതുർവർണ്യം കൊണ്ടാണ്. പിന്നാക്ക വിഭാഗങ്ങൾ വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഉയർന്നെങ്കിലും അത് അംഗീകരിക്കാൻ ചാതുർവർണ്യം പുലർത്തുന്നവർ തയ്യാറല്ല. അവരാണ് തെങ്ങുകയറാൻ പോയിക്കൂടേയെന്ന് ആക്ഷേപിക്കുന്നത്.

നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ഇനിയും പ്രസക്തിയുണ്ട്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെയായിരുന്നു ചാതുർവർണ്യം നിലനിന്നത്. നാലിലും പെടാത്തവരെ മനുഷ്യരായിപ്പോലും കണക്കാക്കിയിരുന്നില്ല. ശൂദ്രരെ ഹീനജാതിക്കാരായി മുദ്രകുത്തി അവഗണിച്ചു. നീചമായ ജോലികളാണ് അവരെക്കൊണ്ട് ചെയ്യിച്ചത്. ഭരണഘടനാ ശില്പികൾ അവർക്ക് സാമൂഹ്യനീതി പ്രദാനം ചെയ്തു.

ഡോ. ബി.ആർ. അംബേദ്കറും രാമസ്വാമി നായ്ക്കരും ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ഇത്തരം അനീതികൾക്കും വിവേചനത്തിനുമെതിരെ പടവാളുയർത്തിയവരാണ്. ദളിതർക്കും പിന്നാക്ക സമുദായങ്ങൾക്കും മറ്റും ഉന്നമനം നൽകാനാണ് സമുദായ സംവരണം നടപ്പാക്കിയത്. സർക്കാർ മേഖലയിൽ കേരളത്തിൽ പോലും പൂർണമായി സംവരണം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ ഉൾപ്പെടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗങ്ങൾക്ക് നൽകാനുള്ള കേന്ദ്രസർക്കാർ നീക്കം നടപ്പാക്കാൻ കഴിയില്ല. സാമ്പത്തിക സംവരണത്തിനെതിരേ സുപ്രീംകോടതിയുടെ ഉൾപ്പെടെ വിധികളുണ്ട്.

സാമ്പത്തികസംവരണം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം നിയമവിരുദ്ധവും മുന്നാക്കവിഭാഗങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയ തട്ടിപ്പുമാണ്. ഭരണഘടന പ്രകാരം പഠനം നടത്തി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലേ സംവരണം നടപ്പാക്കാൻ കഴിയൂ. അത്തരം യാതൊരു പഠനവും നടത്തിയിട്ടില്ല. കേന്ദ്രത്തിന്റെ അനർഹമായ മുന്നാക്ക പ്രീണനമായേ ഇതിനെ കാണാൻ കഴിയൂയെന്ന് അദ്ദേഹം പറഞ്ഞു.