കോലഞ്ചേരി: പട്ടിമറ്റം കോലഞ്ചേരി റോഡിൽ മാലിന്യനിക്ഷേപം കൊണ്ട് നാട്ടുകാർ പൊറുതിമുട്ടി. പട്ടിമറ്റം തെക്കേ കവലയിൽ നിന്നും തുടങ്ങി അഗാപ്പെ വരെയുള്ള ആളൊഴിഞ്ഞ പ്രദേശം നോക്കിയാണ് നടുറോഡിൽ മാലിന്യം നിക്ഷേപിക്കുന്നത്. ഇറച്ചിക്കോഴി കടകളിലെ വേസ്റ്റ് , പച്ചക്കറി വേസ്റ്റ്, വീടുകളിലേയും, കാറ്ററിംഗ് യൂണിറ്റുകളിലേയും ഭക്ഷണ വേസ്റ്റുൾപ്പടെ ചാക്കിലാക്കി റോഡിൽ നിക്ഷേപിക്കുകയാണ്. രൂക്ഷമായ ദുർഗന്ധം മൂലം റോഡു വഴിയുള്ള യാത്ര പോലും ദുസ്സഹമായി. പരിസരവാസികൾ സാംക്രമികരോഗ ഭീഷണിയിലാണ്. മാലിന്യങ്ങൾ പുഴുവരിക്കുകയാണ്. പ്രദേശത്ത് ഈച്ചശല്യവും രൂക്ഷമായി. സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാൻ പോലുമാകുന്നില്ലെന്നാണ് ഇവർ പരാതിപ്പെടുന്നു.
ഇവിടെ തെരുവ് വിളക്ക് ഇല്ലാത്തതിനാലാണ് മാലിന്യനിക്ഷേപം വർദ്ധിക്കാനിടയായതെന്ന ആക്ഷേപമുണ്ടായപ്പോൾ പഞ്ചായത്ത് ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. മേഖലയിലെ ഇറച്ചി കോഴി കടകൾക്കും മാട്ടിറച്ചി കടകൾക്കും മാലിന്യ നിർമ്മാർജ്ജന യൂണിറ്റുകളില്ല. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ പന്നി വളർത്ത് ഫാമുകളിലേയ്ക്ക് കൊണ്ടുപോവുകയാണ് പതിവ് . എന്നാൽ വേസ്റ്റ് കൊണ്ടുപോകാതെ വരുമ്പോൾ അവ റോഡിന് സമീപം തള്ളുകയാണ്. നേരത്തെ കുമ്മനോട് ഭാഗത്തെ ഉപയോഗ ശൂന്യമായ പാറമടകളിൽ അത്തരം വേസ്റ്റുകൾ നിക്ഷേപിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ നിക്ഷേപം ഒഴിവായി.
വാലേത്തുപടി ഭാഗത്ത് റോഡിലെ ദൃശ്യങ്ങൾ ലഭിക്കാൻ നിരീക്ഷണ കാമറയുള്ളതിനാൽ ഉൾവഴികളിലൂടെയാണ് മാലിന്യവുമായി വണ്ടികളെത്തുന്നത്. നാട്ടുകാർ പൊലീസിനെ സമീപിച്ചെങ്കിലും റസിഡൻസ് അസോസിയേഷനുകളുടെ സഹായത്തോടെ കാമറ സൗകര്യം ഏർപ്പെടുത്താനായിരുന്നു നിർദ്ദേശിച്ചത്.