ആലുവ: ജില്ലാ പഞ്ചായത്ത് ആറ് കോടി രൂപ ചെലവിൽ ആലുവ ജില്ലാ ആശുപത്രി വളപ്പിൽ നിർമ്മിക്കുന്ന വൃദ്ധ പരിചരണ സദനത്തിന് അൻവർ സാദത്ത് എം.എൽ.എയും സിനിമാതാരം നിവിൻ പോളിയും ചേർന്ന് തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് സ്വാഗതം പറഞ്ഞു. ജി.സി.ഡി.എ ചെയർമാൻ വി. സലിം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സരള മോഹൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അയ്യമ്പിള്ളി ഭാസ്‌കരൻ, ഹിമ ഹരീഷ്, നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, ധനകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി കെ.കെ. അബ്ദുൾ റഷീദ്, ഡി.എം.ഒ ഡോ.എൻ.കെ. കുട്ടപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ. രമേശ്, സാജിത അബ്ബാസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.വി.ബാബു നന്ദി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി ആറ് നിലകളിലായി നിർമ്മിക്കുന്ന സദനത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് താമസ - ചികിത്സാ സൗകര്യങ്ങളുണ്ടാകും. ശീതീകരിച്ച മുറികൾ, ഓഡിറ്റോറിയം, സെമിനാർ മുറികൾ എന്നിവയുമുണ്ടാകും.
വിപുലമായ സൗകര്യങ്ങളോടെ സർക്കാർ മേഖലയിൽ കേരളത്തിലെ ആദ്യ സംരംഭമാണിത്. ആലുവ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശം കാടുപിടിച്ച് കിടന്ന ഒരേക്കറോളം സ്ഥലമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്ത് വൃദ്ധസദനം നിർമ്മിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് സ്ഥലം തേടുമ്പോഴാണ് ഈ സ്ഥലം ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പൈപ്പ് ലൈൻ റോഡ് വന്നതിനെ തുടർന്ന് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് വേർപ്പെട്ട് കിടക്കുകയായിരുന്നു ഭൂമി.