paliative
പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് ഒരുക്കിയ സെക്കൻഡറി പാലിയേറ്റീവ് രോഗി - ബന്ധു വിനോദ യാത്ര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് ഒരുക്കിയ സെക്കൻഡറി പാലിയേറ്റീവ് രോഗി, ബന്ധു കുടുംബസംഗമവും വിനോദയാത്രയും നൊമ്പരങ്ങൾക്ക് അവധിനൽകിയ ആഹ്‌ളാദ നിമിഷങ്ങളായി. പാട്ടും കൈകൊട്ടും കളിയും ചിരിയും, തമാശയുമായി മുനമ്പം ബീച്ചിലേക്കുള്ള വിനോദയാത്ര നൊമ്പരങ്ങൾ അകന്ന തിങ്കളാഴ്ചയായി. ബ്‌ളോക്ക് പഞ്ചായത്തിലെ 30 രോഗികളും 30 സഹായികളും ബന്ധപ്പെട്ട ആരോഗ്യജീവനക്കാരും ജനപ്രതിനിധികളും യാത്രയിൽ പങ്കാളികളായി. രാവിലെ ചെങ്ങമനാട് ഒത്തുകൂടിയ അവർ ഉച്ചവരെ കലാവിജ്ഞാന പരിപാടികളിൽ പങ്കെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു വിനോദയാത്ര.

പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ യാത്ര ഫ്ളാഗ് ഒഫ് ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ.പി.ടി. എലിസബത്ത് പദ്ധതി വിശദീകരിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.ബി. ചന്ദ്രശേഖരവാര്യർ, ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ നാരായണപിള്ള, രാജേഷ് മഠത്തിമൂല, ടി.എ. ഇബ്രാഹിംകുട്ടി, ഗ്രാമപഞ്ചായത്തംഗം കെ.എം. അബ്ദുൽഖാദർ, ഹെൽത്ത് സൂപ്പർവൈസർ എം.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് എട്ട് ലക്ഷം ചെലവിലാണ് പാലിയേറ്റീവ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സാന്ത്വനത്തിന് നൂതനഭാവം നൽകിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.