life
നെടുമ്പാശേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിന്നും സഹായം ലഭിച്ചു നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം പ്രസിഡൻറ് മിനി എൽദോ നിർവഹിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ 19-ാം വാർഡിൽ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ നിർവഹിച്ചു. കൂടമനപ്പറമ്പിൽ മോഹനൻ - ഗിരിജ ദമ്പതികൾക്കാണ് വീട് കൈമാറിയത്. ചടങ്ങിൽ വാർഡ് അംഗം എൻ.വി. ബാബു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷീല ബഹന്നാൻ, പി.വി. തോമസ്, പി.സി. ഏല്യാസ്, ഹരീഷ് വാസു, ദാനിയേൽ, ബിജു കൂരൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്തിൽ 45 വീടുകളാണ് ലൈഫ് ഭവനപദ്ധതി പ്രകാരം നിർമിച്ചു നൽകുന്നത്. ഇതിൽ 36 വീടുകൾ നിർമാണം പൂർത്തീകരിച്ച് നാല് ലക്ഷം രൂപയും കൈപ്പറ്റി. ബാക്കിയുള്ള വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഫെബ്രുവരിയിൽ മുഴുവൻ വീടിന്റെയും നിർമാണം പൂർത്തിയാകും. പഞ്ചായത്ത് 1.68 കോടി രൂപയാണ് ലൈഫ് ഭവനപദ്ധതിക്കായി കരുതിയിരിക്കുന്നത്. നാല് ലക്ഷം രൂപയ്ക്കു പുറമെ 90 ദിവസത്തെ തൊഴിലുറപ്പ് വേതനവും 300 സിമന്റ് കട്ടയും പഞ്ചായത്ത് വീട് നിർമ്മാണത്തിന് നൽകുന്നുണ്ട്.