കൊച്ചി: നവജാത ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ നാഷണൽ നിയോനാറ്റോളജി ഫോറം കേരള ചാപ്റ്ററിന്റെ സിൽവർ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ലൂർദ് ആശുപത്രിയിൽ ശിശുരോഗ വിദഗ്ദ്ധർക്കായി ശില്പശാല സംഘടിപ്പിച്ചു. ജനിച്ചയുടൻ കരയാത്ത കുഞ്ഞുങ്ങളിൽ തലച്ചോറിലുണ്ടാകാനിടയുളള ക്ഷതം പരിഹരിക്കുവാനുളള നൂതന ചികിത്സാസംവിധാനങ്ങളെക്കുറിച്ച് നവജാത-ശിശുരോഗ വിദഗ്ദ്ധർക്ക് പരിശീലനം നല്കുകയെന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ലൂർദ് ആശുപത്രി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള നിയോനാറ്റോളജി സിൽവർ ജൂബിലി സമ്മേളനത്തിന്റെ സയൻറ്റിഫിക് ചെയർമാനും എറണാകുളം ലൂർദ് ആശുപത്രി നവജാത-ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. റോജോ ജോയ്, നാഷണൽ നിയോനാറ്റോളജി ഫോറം മുൻ സെക്രട്ടറി ഡോ. എ.കെ.ജയചന്ദ്രൻ, കോഴിക്കോട് ഇക്രാ ഹോസ്പിറ്റൽ നിയോനാറ്റോളജിസ്റ്റ് ഡോ. ഷബീർ എം.പി. എന്നിവർ നേതൃത്വം നല്കി. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. വർഗീസ് ചെറിയാൻ, ഡോ. പ്രീതി പീറ്റർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.