highcourt

കൊച്ചി : പ്ളസ് ടു വിദ്യാർത്ഥിനിയെ പ്രണയംനടിച്ചു തട്ടിക്കൊണ്ടുപോയെന്ന കേസിൽ ആലുവ റൂറൽ എസ്.പിക്കും അന്വേഷണസംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പലതവണ കോടതി നിർദേശം നൽകിയിട്ടും റൂറൽ എസ്.പി കുട്ടിയെ കണ്ടെത്താൻ വേണ്ടത്ര പരിശ്രമം നടത്തിയില്ലെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. 2018 നവംബർ എട്ടിന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തിയ നീക്കങ്ങൾ തൃപ്തികരമല്ലെന്നും കടുത്ത നിർദേശങ്ങൾ വേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും പറഞ്ഞു. 21ന് ഹർജി വീണ്ടും പരിഗണിക്കും.

പറവൂർ സ്വദേശിയായ പിതാവ് നൽകിയ ഹേബിയസ് ഹർജിയാണ് പരിഗണിക്കുന്നത്. സുൾഫിക്കർ എന്നയാളും സുഹൃത്തുക്കളും ചേർന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്നും വിദേശത്തേക്ക് കടത്തിയിട്ടുണ്ടാകുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി അന്വേഷണ വിവരങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ നേരത്തേ റൂറൽ എസ്.പിക്ക് നിർദേശം നൽകിയിരുന്നു. അതുപ്രകാരം ജനുവരി എട്ടിന് റൂറൽ എസ്.പി നൽകിയ റിപ്പോർട്ടും തൃപ്തികരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.