കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി വി. സുനിൽകുമാറിനെയും ഹോണററി സെക്രട്ടറിയായി എസ്. രാജീവിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി ബാബു പി.ഐ., മുഹമ്മദ് ബഷീർ നാലകത്ത്, എസ്. മുരളീധരൻ, ഡോ. പ്രിൻസ് കെ. മറ്റം, എസ്.എൻ. രഘുചന്ദ്രൻ നായർ, ഡോ.സി.ജി. രാജ (വൈസ് പ്രസിഡന്റുമാർ), അനിൽകുമാർ പി., ശരത് യു. നായർ (ജോയിന്റ് സെക്രട്ടറിമാർ), എം.ആർ. രഞ്ജിത്ത് (ട്രഷറർ), അനീഷ് മാത്യു, ബിനോയ് ജോസഫ്, പി.കെ. ജഗന്നാഥൻ, ഡോ. ജോറിസ് പൗലോസ്, തോമസ് പോൾ (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ഹൈക്കോടതി ഉത്തരവു പ്രകാരം അശ്വിൻ സേതുമാധവൻ റിട്ടേണിംഗ് ഓഫീസറായി കൊച്ചിയിലാണ് വോട്ടെടുപ്പ് നടത്തി ഫലം പ്രഖ്യാപിച്ചത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി ബൽബീർസിംഗ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി പി.ജെ. ജോസഫ് എന്നിവർ നിരീക്ഷകരായിരുന്നു.
തിരഞ്ഞെടുപ്പുമായി ഹൈക്കോടതിയിൽ കേസുകൾ തുടരുന്നതിനാൽ ഉത്തരവിനനുസരിച്ചേ ഒൗദ്യോഗികമായി ഫലം പ്രഖ്യാപിക്കൂ. തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് ഈമാസം 16ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. കോടതി ഉത്തരവിനെ തുടർന്ന് രണ്ടു ടേബിൾ ടെന്നീസ് അസോസിയേഷനുകളുടെ ഉൾപ്പെടെ അഞ്ചു വോട്ടുകൾ എണ്ണാതെ മാറ്റിവച്ചിട്ടുണ്ട്. റിട്ടയേർഡ് ജഡ്‌ജി സുന്ദരം ഗോവിന്ദിന്റെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്.
2016ൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. 29 അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 87 വോട്ടുകൾ രേഖപ്പെടുത്തി. കനത്ത പൊലീസ് കാവലിലായിരുന്നു വോട്ടെടുപ്പെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായില്ല.
കഴിഞ്ഞ നവംബർ 20ന് കൊച്ചിയിൽ വച്ച് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചിച്ചിരുന്നു. ഇൗ ഇലക്ഷനിൽ സുനിൽകുമാർ പ്രസിഡന്റായ പാനൽ വിജയിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അവസാന നിമിഷം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ തെറ്റിദ്ധരിപ്പിച്ച് ഇലക്ഷൻ കമ്മീഷണറെക്കൊണ്ട് ഇലക്ഷൻ തന്നെ മാറ്റിവച്ചത്. ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടായിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാറ്റിവയ്ക്കൽ. തുടർന്ന് തിരഞ്ഞെടുപ്പ് ഡൽഹിയിൽ നടത്താനായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം. എന്നാൽ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പാനൽ ഹൈക്കോടതിയെ സമീപിച്ച് കൊച്ചിയിൽ നടത്താൻ ഉത്തരവ് വാങ്ങുകയായിരുന്നു.