പറവൂർ : ശ്രീലങ്കൻ സ്വദേശികളായ 43 പേർ മാല്യങ്കര വഴി മത്സ്യബന്ധന ബോട്ടിൽ ആസ്ട്രേലിയയിലേക്ക് കടന്നെന്ന സംശയത്തിൽ കടലിലും തെരച്ചിൽ ആരംഭിച്ചു. രഹസ്യാന്വേഷണ ഏജൻസികളുൾപ്പെടെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും മനുഷ്യക്കടത്ത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ തെരച്ചിൽ തുടരുകയാണ്.
മാല്യങ്കരയിലും മുനമ്പത്തും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും നിറച്ച ബാഗുകൾ കണ്ടെത്തിയതാണ് മനുഷ്യക്കടത്തെന്ന സംശയം ഉയർത്തിയത്. ഒരു ബാഗിൽ വിമാനടിക്കറ്റും ഉണ്ടായിരുന്നു.
ഇതിനിടെ, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ 52 ബാഗുകൾ കണ്ടെടുത്തു. ചെറായിയിലുള്ള ബീച്ച്‌വാലി, കടൽക്കര എന്നീ ഹോംസ്റ്റേകളിൽ മുനമ്പം പൊലീസ് പരിശോധന നടത്തി. അഞ്ചു ദിവസത്തോളം സ്ത്രീകളും കുട്ടികളുമടക്കം താമസിച്ചിട്ടുണ്ട്. 12ന് പുലർച്ചെ രണ്ടോടെ റിസോർട്ട് വിട്ടു. കടൽക്കര റിസോട്ടിൽ നിന്ന് സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചു.
ബോട്ട് ഒരു കോടിക്ക് വാങ്ങി
മുനമ്പത്തുനിന്ന് ദയാമാത എന്ന ബോട്ട് തമിഴ്നാട് സ്വദേശി ഒരു കോടി രൂപയിലേറെ നൽകി വാങ്ങിയിരുന്നു. ബോട്ടിൽ 12,500 ലിറ്റർ ഡീസൽ നിറച്ചിട്ടുണ്ട്. 10 ലക്ഷം രൂപയോളം കൊടുത്തു. ബാക്കി 50,000 രൂപ ബാക്കി വാങ്ങിയിട്ടില്ല. കുടിവെള്ളം നിറയ്ക്കുന്ന അഞ്ചു ടാങ്കുകളും വാങ്ങിയതായി സൂചനയുണ്ട്.
ബോട്ടിൽ കടന്നെങ്കിൽ ബാഗുകൾ ഉപേക്ഷിക്കാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കടൽയാത്ര ഉപേക്ഷിച്ചോയെന്നും സംശയമുണ്ട്.
ബോട്ട് കെട്ടിയിരുന്ന മാല്യങ്കര കടവിൽ പുലർച്ചെ നാലോടെ ആൾപ്പെരുമാറ്റം കേട്ടതായി സമീപവാസികൾ പൊലീസിന് മൊഴി നൽകി. പുലർച്ചെ പഠിക്കാനെഴുന്നേറ്റ വിദ്യാർത്ഥി ആളുകളെ കണ്ടതായും പറയുന്നു.
2015 ൽ മുനമ്പത്തു നിന്ന് ശ്രീലങ്കൻ അഭയാർത്ഥികളെ ബോട്ടിൽ വിദേശത്തേക്ക് കടത്തിയതായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മനുഷ്യക്കടത്ത് സ്ഥിരീകരിച്ചില്ല
മനുഷ്യക്കടത്തെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്.പി രാഹുൽ ആർ. നായർ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഡിഷണൽ എസ്.പി എം.ജെ. സോജൻ നേതൃത്വം നൽകും. തൃശൂർ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബാഗിൽ സിംഹളീസ്
ബർത്ത് സർട്ടിഫിക്കറ്റ്
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് ഉപേക്ഷിച്ച 52 ബാഗുകളിൽ ഉണ്ടായിരുന്നത് ഭക്ഷ്യ വസ്തുക്കൾ, കുട്ടികൾ, യുവതീ യുവാക്കൾ, അമ്മമാർ, മുതിർന്ന പുരുഷന്മാർ എന്നിവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പുതപ്പുകൾ തുടങ്ങിയവയാണ് .ഇതിനൊപ്പം സിംഹളീസ് ഭാഷയിലുള്ള ബർത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി, ഡൽഹി സ്വദേശിയായ ദീപക് (30) ജനു.മൂന്നിന് കന്യാകുമാരിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ എന്നിവയും കിട്ടി. ജനു. 12നാണ് ബാഗുകൾ ഉപേക്ഷിച്ചത്.