iruthal

പെരുമ്പാവൂർ: വില്പനയ്ക്കായി കൊണ്ടുവന്ന വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന രണ്ടരകിലോ തൂക്കംവരുന്ന ഇരുതലമൂരിയുമായി കടമക്കുടി സ്വദേശി വേലിപ്പറമ്പിൽ ആർ. രാജേഷ് (40), കണ്ണൂർ കോടൻചാൽ മുളക്കോടിയിൽ വീട്ടിൽ എം.വി. ഷിനോദ് (42) എന്നിവരെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇന്റലിജൻസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇരുതലമൂരിയെ വാങ്ങാനായി ആവശ്യക്കാരായി നടിച്ച് ഒന്നാം പ്രതിയായ രാജേഷിനെ ഫോണിൽ വിളിച്ച് മുപ്പത്തഞ്ച് ലക്ഷം വില പറഞ്ഞു. വിലപേശലിൽ 50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു.
ഇതനുസരിച്ച്‌ പ്രതികൾ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മാരുതി സിഫ്റ്റ് കാറിൽ ഇരുതലമൂരിയെ ബാഗിലാക്കി പറവൂർ കരുമാല്ലൂർ ഭാഗത്തേക്ക് വന്നു. അവിടെവച്ചാണ് ഇരുവരെയും പിടികൂടിയത്.

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇന്റലിജൻസ് ഓഫീസർ സജീഷ്, പെരുമ്പാവൂർ ഡി.എഫ്.ഒ രാജു ഫ്രാൻസിസ്, പെരുമ്പാവൂർ ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ അരുൺ, ജോഷി, ശ്രീജിത്, അജിനാസ്, പ്രശാന്ത്, ശോഭരാജ്, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുന്നു. പ്രതികളെ പെരുമ്പാവൂർ പൊലീസിനും ഇരുതലമൂരിയെ മേയ്ക്കപ്പാല ഫോറസ്റ്റ് അധികാരികൾക്കും കൈമാറും.

.