കൊച്ചി: എത്ര കണ്ടക്ടർമാരുടെ ഒഴിവുകൾ നിലവിലുണ്ടെന്ന ചോദ്യത്തിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നും കെ.എസ്.ആർ.ടി.സി അധികൃതർ കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ലീവിൽ പോയവരുടെയും അവധി നീട്ടാനായി അപേക്ഷ നൽകിയവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഇവർ തിരികെയെത്തിയാലേ എത്ര ഒഴിവുകളുണ്ടെന്ന് പറയാനാവൂ എന്നുമായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. കണ്ടക്ടർമാരില്ലാതെ സർവീസ് നടത്തണമെന്ന ശുപാർശയും സുശീൽഖന്ന റിപ്പോർട്ടിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശുപാർശയും പരിഗണിക്കുന്നുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
ഇവ തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഒരു കോർപറേഷനിലും പിൻവാതിൽ നിയമനം അനുവദിക്കില്ലെന്നും വാക്കാൽ പറഞ്ഞു. പി.എസ്.സി ശുപാർശ ചെയ്തവരിൽ 110 പേരുടെ വിശദാംശങ്ങൾ ലഭ്യമായില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിച്ചു. എന്തുകൊണ്ട് ഇൗ വിവരങ്ങൾ നൽകിയില്ലെന്ന് കോടതി പി.എസ്.സിയോടും ആരാഞ്ഞു. തുടർന്ന് കണ്ടക്ടർ നിയമനം തേടി പി.എസ്.സി ശുപാർശ ചെയ്തവർ നൽകിയ ഹർജികൾ അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കണക്കുകൾ ഇങ്ങനെ
പി.എസ്.സി ലിസ്റ്റിലുള്ളവർ : 4051
നിയമന ഉത്തരവ് തയ്യാറാക്കിയത് : 3941 പേർക്ക്
നേരിട്ടെത്തി ഉത്തരവ് കൈപ്പറ്റിയവർ : 1478
സ്പീഡ് പോസ്റ്റിൽ ഉത്തരവ് അയച്ചത് : 2463 പേർക്ക്
ആളില്ലെന്ന കാരണത്താൽ തിരിച്ചെത്തിയത് : 207
നിയമന ഉത്തരവ് കൈപ്പറ്റിയവർ ആകെ : 3734
ജോലിക്ക് കയറിയവർ : 1421
കൂടുതൽ സമയം തേടിയവർ : 71