കൊച്ചി : തൃശൂരിലെ ഫ്ളാറ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാമിന് ഒരാഴ്ചത്തെ അടിയന്തര പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്നാൽ എറണാകുളത്ത് കലൂരിലെ ഫ്ളാറ്റിൽ രോഗബാധിതയായി കഴിയുന്ന അമ്മ സുബൈദയെ കാണാൻ മൂന്നു ദിവസത്തേക്ക് കർശന ഉപാധികളോടെ അനുമതി നൽകി.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന നിസാമിനെ 20ന് എറണാകുളം സബ് ജയിലിലെത്തിക്കണം. തുടർന്ന് 21, 22, 23 തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ കലൂരിലെ ഫ്ളാറ്റിൽ അമ്മയുടെ അടുത്ത് കഴിയാൻ അനുവദിക്കണം. പൊലീസ് എസ്കോർട്ടുണ്ടാകണം. ഇയാൾ ഫോൺ ഉപയോഗിക്കുന്നില്ലെന്നും മറ്റാരുമായും ആശയ വിനിമയം നടത്തുന്നില്ലെന്നും ഉറപ്പാക്കണമെന്നും വിധിയിൽ പറയുന്നു. നിസാമിന്റെ ഭാര്യ അമൽ നിസാം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.