നെടുമ്പാശേരി: പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ ഇൻഷ്വറൻസ് കമ്പനികൾ കബളിപ്പിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. എ. എം. ഇബ്രാഹിം കുറ്റപ്പെടുത്തി. സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം കഴിഞ്ഞു നാളിതുവരെയായിട്ടും അർഹതപ്പെട്ട ക്ലെയിം പാസാക്കാതെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ ഇൻഷ്വറൻസ് കമ്പനികൾ തുടർന്നാൽ കമ്പനിയുടെ ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.എം. സാബുവിനെ ആദരിച്ചു. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കെ.ജെ. പോൾസൺ, കെ.ബി. സജി, ടി.എസ്. ബാലചന്ദ്രൻ, സി.ഡി. ആന്റോ, പി.പി. ശ്രീവത്സൻ, കെ.ഒ. പൗലോസ്, കെ.കെ. ബോബി, വിൽസൺ പോൾ, സുബൈദ നാസർ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ശാന്ത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വ്യാപാരികളുടെ ദുരിതം തുടരുന്നു
പ്രളയത്തിൽ വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർ ഉടനെ ഇൻഷ്വറൻസ് കമ്പനികളെ സമീപിച്ചിരുന്നു. കമ്പനി ആവശ്യപ്പെട്ട പ്രകാരം നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റും പർച്ചേസ് ബില്ലും ഫോട്ടോയും കമ്പനിക്ക് നൽകി. പിന്നീട് നഷ്ടം രേഖപ്പെടുത്തുവാൻ കമ്പനി സർവേയർമാരെ ചുമതലപ്പെടുത്തി. എന്നാൽ നാളിതുവരെയായിട്ടും ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ലഭിച്ചിട്ടില്ല. വർഷങ്ങളായി ഇൻഷ്വറൻസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് പിന്നിൽ സർവേയർമാർക്ക് കൈക്കൂലി കൊടുക്കാത്തതിനാലാണെന്ന് സംശയിക്കുന്നതായും വ്യാപാരികൾ പറയുന്നു. നെടുമ്പാശേരി മേഖലയിൽ മാത്രം 5 പഞ്ചായത്തുകളിലായി നിരവധി വ്യാപാരികൾക്ക് ആനുകൂല്യങ്ങൾ കിട്ടാനുണ്ട്.