കൊച്ചി: ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (എം.എസ്.എം.ഇ) കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ വ്യവസായ അസോസിയേഷനുകൾ സംയുക്തമായി 17ന് ബംഗളുരുവിൽ എം.എസ്.ഇ.എം ഉച്ചകോടി സംഘടിപ്പിക്കും. ഉദ്ഘാടനം കേന്ദ്രമന്ത്രി ശിവപ്രസാദ് ശുക്ല നിർവഹിക്കും.
മേഖലയിൽ ടേൺ ഓവർ സംവിധാന നിയമം കൊണ്ടുവരാനുള്ള നീക്കം ഗുരുതര സ്ഥിതി വിശേഷങ്ങൾക്ക് വഴിവയ്ക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം. ഖാലിദ് പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 25 ലക്ഷം രൂപ മൂലധന നിക്ഷേപമുള്ള മൈക്രോ വിഭാഗവും അഞ്ച് കോടി രൂപയുടെ ചെറുകിട വ്യവസായങ്ങളും 10 കോടി രൂപയുടെ മീഡിയം വിഭാഗവുമായാണ് മേഖലയെ തരംതിരിച്ചിരിക്കുന്നത്. ഇതിനുപകരം ആറ് കോടി രൂപയായി മൈക്രോ വിഭാഗവും യഥാക്രമം 75 കോടി രൂപ, 250 കോടി രൂപ നിക്ഷേപമുള്ളവയെ ചെറുകിട, മീഡിയം വിഭാഗമാക്കിയാണ് പുതിയ നിയമം. ചെറുകിട വ്യവസായങ്ങളുടെ ആനുകൂല്യങ്ങൾ ഒഴിവാക്കാനുള്ള നീക്കമായാണ് നിയമത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എ. നിസാറുദീൻ, ഫ്രാൻസ് സി. മുണ്ടാടൻ, ജോസഫ് പൈകട, ഫിലിപ്പ് എ. മുളക്കൽ, എൻ.വി. മുഹമ്മദ് അഷറഫ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.