കൊച്ചി: പറവൂർ മാല്യങ്കര വഴി മീൻപിടിത്ത ബോട്ടിൽ ശ്രീലങ്കൻ സ്വദേശികൾ വിദേശത്തേക്കു കടന്നെന്ന സംശയത്തിൽ അന്വേഷണം തുടരവേ, മനുഷ്യക്കടത്ത് സംഘങ്ങളുടെ കണ്ണികൾ കൊച്ചിയിൽ സജീവമെന്ന് അന്വേഷണ ഏജൻസികളുടെ നിഗമനം.
കൊച്ചി മേഖലയിൽ കടൽത്തീരത്ത് കാര്യമായ സുരക്ഷാ സംവിധാനങ്ങളോ പരിശോധനകളോ പ്രധാന മീൻപിടിത്ത ഹാർബറുകളിൽ പോലുമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ബോട്ടുകൾ വന്നുപോകുന്നതിനെക്കുറിച്ച് ഒരു രേഖയുമില്ല. മനുഷ്യക്കടത്തു സംഘങ്ങൾ ഈ സുരക്ഷാപഴുത് മുതലെടുക്കുന്നതായാണ് സൂചനകൾ.
തമിഴ്നാട് സ്വദേശിക്കായി കുറച്ചു വർഷം മുമ്പ് മുനമ്പത്തു നിർമ്മിച്ച ബോട്ട് പൊലീസ് കണ്ടെത്തിയിരുന്നു. മനുഷ്യക്കടത്തു സംഘമാണ് ബോട്ട് നിർമ്മാണത്തിനു പിന്നിലെന്ന് തമിഴ്നാട് പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയും, കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. 2015 ൽ ശ്രീലങ്കൻ സ്വദേശികളെ മുനമ്പം കടൽ വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തെങ്കിരുന്നു. അതും പിന്നീട് തേഞ്ഞുമാഞ്ഞു പോയി.
ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായും മറ്റും തമിഴ്നാട്ടിൽ എത്തുന്നവരെ മലേഷ്യ, ആസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലേക്കാണ് ഏജൻസികൾ കടത്തുക. മീൻപിടിത്ത ബോട്ടുകളിൽ അന്താരാഷ്ട്ര കപ്പൽച്ചാലുകളിൽ എത്തിച്ച് കപ്പലിൽ കയറ്റിവിടുന്നതായാണ് സംശയം. അഭയാർത്ഥികളെന്ന പേരിൽ ഈ രാജ്യങ്ങളിലെത്തുന്നവർ പിന്നീട് പൗരത്വത്തിനു ശ്രമം തുടങ്ങും.