kerala-highcourt

കൊച്ചി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനു പിന്നിൽ സർക്കാരിനോ പൊലീസിനോ രഹസ്യ അജണ്ടയില്ലെന്നും, സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പരസ്യ അജണ്ടയാണ് ഉള്ളതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ.

യുവതികളുടെ ദർശനത്തിൽ മറ്റേതെങ്കിലും ഏജൻസികൾക്കു പങ്കുണ്ടോ എന്നത് ബാഹ്യ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. അത്തരം വിവരം സർക്കാരിനോ പൊലീസിനോ ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധിയനുസരിച്ചുള്ള അവകാശം വിനിയോഗിച്ചതിനപ്പുറം ഒരുതരത്തിലും നിയമവിരുദ്ധ പ്രവർത്തനം നടത്താത്ത യുവതികളെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ സ‌ർക്കാർ അറിയിച്ചു.

യുവതീപ്രവേശനം തടയാൻ ഏതുവിധ നിയമവിരുദ്ധ പ്രവർത്തനവും നടത്താൻ പ്രമുഖ പാർട്ടിക്കും അനുഭാവികൾക്കും രഹസ്യ അജണ്ടയുണ്ട്. ദർശനം നടത്തിയ യുവതികൾ ഭക്തരാണോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സർക്കാരിനോ പൊലീസിനോ മറിച്ചൊരു വിവരം ലഭിച്ചിട്ടില്ലെന്നും റവന്യൂ- ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയിൽ എല്ലാവരും യഥാർത്ഥ ഭക്തരാണോ എന്നു കണ്ടെത്തുക പ്രായോഗികമല്ല. ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കി മാത്രമേ പൊലീസിന് ഇടപെടാനാവൂ. ശബരിമല കർമ്മ സമിതി, ആചാര സംരക്ഷണ സമിതി എന്നീ സംഘടനകളും ഒരു രാഷ്ട്രീയ പാർട്ടിയും രാഷ്ട്രീയ ലക്ഷ്യത്തിനായി മന:പൂർവം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ശബരിമലയിൽ ഉണ്ടായതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വിശദീകരിച്ചു.