human-trafficking

കൊച്ചി: വൈപ്പിൻ മുനമ്പം വഴി മനുഷ്യക്കടത്ത് നടത്തിയവരെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് നിർണായക സൂചനകൾ ലഭിച്ചു. ഡൽഹിയിലെ തമിഴ് കോളനി കേന്ദ്രീകരിച്ചു നടന്ന ആസൂത്രണത്തിനു ശേഷം, ശ്രീലങ്കൻ തമിഴ് വംശജരായ അമ്പതോളം പേരാണ് മുനമ്പം വഴി കടന്നതെന്നാണ് വിവരം. മനുഷ്യക്കടത്ത് കണ്ണികളെ കണ്ടെത്താൻ രാജ്യവ്യാപകമായി അന്വേഷണം ഊ‌ർജ്ജിതമാക്കി. സംഭവത്തിൽ ശ്രീലങ്കൻ തീവ്രസംഘടനയായ എൽ.ടി.ടി.ഇക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും.

ശ്രീലങ്കയിൽ നിന്ന് ഡൽഹി,​ ചെന്നൈ വഴി ഡിസംബർ 28 ന് സംഘം കൊച്ചിയിലെത്തിയെന്നാണ് സൂചന. ചെറായിയിലെ റിസോർട്ടിൽ 66 ഉം ചോറ്റാനിക്കരയിൽ 82 പേരും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടിടത്തും സി.സി.ടി.വി കാമറകൾ ഇല്ലാത്തതിനാൽ ആളുകളെക്കുറിച്ച് സൂചന ലഭിച്ചില്ല. ഈ സ്ഥലങ്ങളിലെത്തിയ എൻ.ഐ.എ സംഘം ഇന്നലെയും വിവരങ്ങൾ ശേഖരിച്ചു.

ചോറ്റാനിക്കരയിൽ സംഘം ക്ഷേത്രദർശനം നടത്തിയതായി സിസി ടിവികളിൽ വ്യക്തമല്ല. ലോഡ്‌ജിൽ ഡൽഹി വിലാസം നൽകിയ പൂജ എന്ന യുവതി ചോറ്റാനിക്കരയിലെ ആശുപത്രിയിൽ ഡിസംബർ 31ന് പ്രസവിച്ചിരുന്നു. ജനുവരി നാലിന് ആശുപത്രി വിട് ഇവർ കുഞ്ഞിനു വേണ്ടി വാങ്ങിയതെന്ന് കരുതുന്ന സ്വർണവള ഉപേക്ഷിച്ച ബാഗിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മാല്യങ്കര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട 73 ബാഗുകൾ പരിശോധിച്ച പൊലീസിന് രണ്ട് ശ്രീലങ്കക്കാരുടെ ജനന സർട്ടിഫിക്കറ്റും ലഭിച്ചു.

മുനമ്പത്തു നിന്ന് ദയാമാത എന്ന ബോട്ടിൽ സംഘം പുറംകടലിലേക്കു പോയെന്നാണ് വിവരം. ബോട്ട് അന്താരാഷ്ട്ര കപ്പൽച്ചാലിൽ എത്തിയിരിക്കാനും സാദ്ധ്യതയുണ്ട്. സംഘം പുറംകടലിലെ ബോട്ടിലുണ്ടെന്ന നിഗമത്തിൽ നാവികസനേയും തീരരക്ഷാ സേനയും കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രണ്ടു ദിവസമായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ബോട്ട് കണ്ടെത്താനായില്ല. സംഘത്തെ കപ്പലിൽ ആസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ എത്തിക്കുകയാണ് കടത്തിയവരുടെ ലക്ഷ്യമെന്ന് കരുതുന്നു.

ദയാമാത ബോട്ട് സൂക്ഷിച്ച യാർഡിന്റെ ഉടമ ലാലിനെ പൊലീസ് ചോദ്യം ചെയ്തു. ഡൽഹിയിലെ മദൻവീർ എന്ന തമിഴ് കോളനിയിലേക്കു പോയ പൊലീസ് സംഘം അവിടെ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. തമിഴ്നാട്ടിൽ,​ ശ്രീലങ്കൻ വംശജർ കുടിയേറിപ്പാർക്കുന്ന ചില കേന്ദ്രങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.

മനുഷ്യക്കടത്ത് തന്നെ

അനധികൃതമായി വിദേശത്തേക്ക് ഒരു സംഘം കടന്നുവെന്ന് വ്യക്തമാണ്. ഇവ‌ർ എവിടെനിന്ന് വന്നു, കടത്തിയത് ആര് എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കടന്നവരുടെ എണ്ണം കൃത്യമല്ലെങ്കിലും ആളുകളെക്കുറിച്ച് സൂചനകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

വിജയ് സാഖറെ

ഐ.ജി, എറണാകുളം മേഖല

രാജ്യമെമ്പാടും അന്വേഷണം

നാല്പതിനും അമ്പതിനുമിടയിൽ ആളുകളാണ് വിദേശത്തേക്കു കടന്നത്. സംഘം നടത്തിയ തയ്യാറെടുപ്പുകൾ വ്യക്തമായിട്ടുണ്ട്. ആരും പരാതി നൽകിയിട്ടില്ല. എൽ.ടി.ടി.ഇ പോലുള്ള സംഘടനകളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. രാജ്യമാകെ അന്വേഷണം നടത്തുന്നുണ്ട്.

രാഹുൽ ആർ. നായർ

എറണാകുളം റൂറൽ എസ്.പി

വിഴിഞ്ഞം സ്വദേശി കസ്റ്റഡിയിൽ,​

ബോട്ട് വാങ്ങിയത് മനുഷ്യക്കടത്തിന്?​

മുനമ്പം മനുഷ്യകടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ കസ്റ്റഡിയിലെടുത്ത കോവളം പനങ്ങോട് സ്വദേശി അനിൽകുമാർ ശ്രീലങ്കൻ സംഘത്തെ വെങ്ങാനൂർ ചാവടിനട ഭാഗത്തെ ഒരു വീട്ടിൽ താമസിപ്പിച്ചിരുന്നതായി വിവരം.

ഇതനുസരിച്ച്,​ ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പനങ്ങോട്ടുള്ള അനിലിന്റെ വീട്ടിൽ പരിശോധന നടത്തി. അനിലിന്റെ ഭാര്യയും രണ്ടു കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അനിലിനൊപ്പം ഈ വീട്' വാടകയ്ക്ക് എടുത്ത തമിഴ്നാട് സ്വദേശി ശ്രീകാന്തും ചാവടിനടയിൽ താമസിച്ചിരുന്നു. എന്നാൽ വീടുകൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ശ്രീകാന്ത് ഒളിവിലാണ്.

ജനുവരി ഏഴിന് എറണാകുളം സ്വദേശി ജിബിൻ ആന്റണിയുടെ പക്കൽ നിന്ന് അനിൽകുമാറും ശ്രീകാന്തും ചേർന്ന് 40 ലക്ഷം രൂപയ്ക്ക് ബോട്ടു വാങ്ങിയത് ഇവർ മനുഷ്യക്കടത്ത് സംഘത്തിന്റെ കണ്ണികളാണെന്ന് അന്വേഷണസംഘം സംശയിക്കുന്നതിന് അടിസ്ഥാനം. ഇവർക്ക് മത്സ്യബന്ധനവുമായി ഒരു ബന്ധവുമില്ല.

കസ്റ്റഡിയിലുള്ള അനിൽകുമാർ കോവളത്തെയും വിഴിഞ്ഞത്തെയും ചെറുകിട കച്ചവടക്കാർക്കും മറ്റും വൻ തുകകൾ പലിശയ്ക്കു നൽകിയിട്ടുണ്ട്. ഇത് ശ്രീകാന്തിന്റെ പണമാകാമെന്നാണ് പൊലീസ് നിഗമനം.