munambam

കൊച്ചി:വൈപ്പിൻ മുനമ്പം വഴി ശ്രീലങ്കൻ സ്വദേശികളെ മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്ക് കടത്തിയതിനെ പറ്റിയുള്ള അന്വേഷണം ഇടനിലക്കാരായ മൂന്നുപേരെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ഇവരിലൊരാൾ പൊലീസ് കസ്റ്റഡിയിലും രണ്ടുപേർ ഒളിവിലുമാണെന്നാണ് സൂചന.

തിരുവനന്തപുരം സ്വദേശി അനിൽകുമാറാണ് കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലുള്ളത്. തമിഴ്നാട്ടിലെ കുളച്ചൽ സ്വദേശികളായ ശ്രീകാന്തൻ, ശെൽവം എന്നിവരാണ് ഒളിവിലുള്ളത്. ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ശ്രീകാന്തനും ബോട്ടിലുണ്ടെന്നാണ് സംശയിക്കുന്നത്. യാത്ര പോകുന്നതായി ഇയാൾ വീട്ടിൽ പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡൽഹിയിലെ തമിഴ് കോളനികളിലും തമിഴ്നാട്ടിലും ഇന്നലെ പരിശോധനകൾ നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവർക്ക് യാത്രാരേഖകൾ തയ്യാറാക്കി നൽകിയത് ഒരു വനിതയാണെന്ന് സൂചന ലഭിച്ചെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊച്ചിയിൽ സംഘത്തെ സഹായിച്ചവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ശ്രീകാന്തനും അനിൽകുമാറുമാണ് ബോട്ട് വാങ്ങാൻ മുനമ്പത്തെത്തിയത്. ബോട്ട് വിറ്റ ജിതിൻ ആന്റണിയെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തു. വാങ്ങിയവരുടെ വ്യക്തമായ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചില്ല. ഇവർ നൽകിയ രേഖകൾ യഥാർത്ഥമാണോയെന്നും പരിശോധിക്കുന്നുണ്ട്.

സ്ഥലം വിടും മുമ്പ് സംഘാംഗങ്ങൾ പിരിമുറുക്കത്തിലായിരുന്നെന്ന് ചെറായിയിൽ താമസിച്ചിരുന്ന ഹോംസ്റ്റേ നടത്തിപ്പുകാർ മൊഴി നൽകി. സ്ത്രീകളിൽ ചിലർ കരഞ്ഞു. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചതാകാം കാരണമെന്ന് സംശയിക്കപ്പടുന്നു.

ശ്രീലങ്കക്കാരുമായി കടന്നെന്ന് കരുതുന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്താൻ നാവികസേനയും തീരസംരക്ഷണ സേനയും മൂന്നു ദിവസമായി തുടരുന്ന തിരച്ചിൽ ഫലം കണ്ടിട്ടില്ല. രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്ത് ബോട്ട് എത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കപ്പെടുന്നു.

ബോട്ട് കണ്ടെത്താൻ പ്രത്യേക കപ്പലിനെ ഇരു സേനകളും നിയോഗിച്ചിട്ടില്ല. ഇന്ത്യൻ സമുദ്രത്തിൽ പട്രോളിംഗ് നടത്തുന്ന കപ്പലുകളാണ് ദൗത്യത്തിലുള്ളത്. ഹെലികോപ്ടറുകളും തിരച്ചിൽ നടത്തുന്നുണ്ട്.

ബോട്ടിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് തിരച്ചിൽ തുടരുന്നത്. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് ഇന്ത്യയുടെ സമുദ്രാതിർത്തി. അതിനപ്പുറം അന്താരാഷ്ട്ര കപ്പൽച്ചാലാണ്. കഴിഞ്ഞ ശനിയാഴ്ച പുറപ്പെട്ടെന്ന് കരുതുന്ന ബോട്ട് അവിടെ എത്തിക്കാണും. അങ്ങിനെയെങ്കിൽ ബോട്ട് പിടികൂടാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടിവരും. ബോട്ടിൽ നിന്ന് വെടിവയ്പ്പ് പോലെ അക്രമമുണ്ടായാലേ ഇടപെടാൻ കഴിയൂവെന്ന് നാവിക വക്താവ് പറഞ്ഞു.