മൂവാറ്റുപുഴ: മതങ്ങൾ തമ്മിലുള്ള സൗഹൃദം പോഷിപ്പിക്കുന്നതിൽ സമുദായസംഘടനകൾക്ക് നിർണായക പങ്കുണ്ടെന്നും ബഹുസ്വരതയുടെ സൗന്ദര്യമാണ് ഭാരതത്തിന്റെ ഏറ്റവും വിലയേറിയ സാംസ്‌കാരികസത്തയെന്നും അഡ്വ.ജോയ്‌സ് ജോർജ് എം.പി പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ക്രിസ്മസ്- ന്യൂഇയർ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജീവ പ്രവർത്തനത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ കത്തോലിക്ക കോൺഗ്രസ് സമുദായ സൗഹാർദ്ദം പരിപോഷിപ്പിക്കുന്നതിലും പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലായിരുന്നു. മൂവാറ്റുപുഴ ഹോളി മാഗി പള്ളി വികാരി ഫാ. പോൾ നെടുമ്പുറം അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപതാ വികാരി മോൺ. ജോർജ് ഒലിയപ്പുറഫം ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴയ്ക്കൻ, ബാബുപോൾ, നാസറുദ്ദീൻ അൽകൗസുമി , വിജയകുമാർ, അഡ്വ. എ.കെ.അനിൽകുമാർ , കെ.കെ.ദിനേശ് , എം.പി.തങ്കപ്പൻ, ബിജു .ആർ , സ്വാമി അക്ഷയാത്മാനന്ദ ,ഐപ്പച്ചൻ തടിക്കാട്ട്, അഡ്വ.ജോസ് ഇലഞ്ഞിക്കൽ, അഡ്വ. പോൾ ജോസഫ്, ജോജോ വടക്കേവീട്ടിൽ എന്നിവർ പ്രസംഗിച്ചു.