ആലുവ: മൂന്ന് വർഷമായി ഒഴിഞ്ഞുകിടക്കുന്ന കൃഷി ഓഫീസർ തസ്തികയിൽ നിയമനം നടത്താത്തതിലും പ്രളയമാലിന്യം നീക്കിയതിന്റെ കണക്ക് ബോദ്ധ്യപ്പെടുത്താത്തതിലും പ്രതിഷേധിച്ച് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾ കമ്മറ്റി ബഹിഷ്‌കരിച്ച് ധർണ നടത്തി.
വീടിന് അനുമതിക്കായി വരുന്ന നിർദ്ധനരെയും കൃഷി ആവശ്യത്തിനായി വരുന്ന കർഷകരെയും കൃഷി ഓഫീസർ ഇല്ലാത്തത് വലക്കുകയാണ്. കൃഷി ഓഫീസറെ നിയമിക്കാൻ നടപടിയെടുക്കണമെന്ന് പലവട്ടം പഞ്ചായത്ത് ഭരണസമിതിയോട ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടാകുന്നില്ല. പ്രളയശേഷം പഞ്ചായത്ത് ശേഖരിച്ച് വ്യവസായ മേഖലയിൽ സൂക്ഷിച്ച മാലിന്യം നീക്കം ചെയ്തതിന്റെ ചെലവും പല തവണ ആവശ്യപ്പെട്ടിട്ടും കമ്മറ്റിയിൽ അവതരിപ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ധർണ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ്, ടി.കെ. ജയൻ, കെ.എ. ഷുഹൈബ്, ഗീത സലിംകുമാർ, ജ്യോതി ഗോപകുമാർ,നിഷ ബിജു, സബീന ഹാരിസ് എന്നിവർ സംസാരിച്ചു.
പ്രതിപക്ഷം രാഷ്ട്രീയപ്രേരിതമായ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് പറഞ്ഞു. മൂന്ന് വർഷമായി കൃഷി ഓഫീസർ ഇല്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അവർ പ്രസവ അവധിയിലാണ്. മാർച്ച് ഒന്നിന് അവധി കഴിഞ്ഞ് ചുമതലയേൽക്കും. ഏലൂർ കൃഷി ഓഫീസർക്ക് അധികച്ചുമതല നൽകിയിട്ടുണ്ട്. മാലിന്യം നീക്കിയതിന്റെ ചെലവുകൾ ധനകാര്യ കമ്മിറ്റിയും കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയും അംഗീകരിച്ചതാണെന്നും പ്രസിഡന്റ് പറഞ്ഞു.