sabari

കൊച്ചി: ശബരിമലയിൽ യുവതികൾ ജനുവരി രണ്ടിന് ദർശനം നടത്തിയപ്പോൾ സിവിൽ വേഷത്തിൽ നാല് പൊലീസുകാർ ഒപ്പമുണ്ടായിരുന്നെന്നും അവരുടെ അപേക്ഷയനുസരിച്ചാണ് ഒപ്പം പോയതെന്നും പത്തനംതിട്ട എസ്.പി ടി. നാരായണൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അന്ന് 93,120 ഭക്തർ ദർശനത്തിനെത്തിയിരുന്നു. ഇവരാരും യുവതികളെ തടയുകയോ ദർശനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തില്ല. യഥാർത്ഥ ഭക്തർക്കല്ല, ആസൂത്രിത നീക്കത്തിലൂടെ പ്രശ്നങ്ങളുണ്ടാക്കുന്ന ചില സംഘടനകൾക്കാണ് പ്രതിഷേധമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ജനുവരി മൂന്നിന് നിലയ്ക്കലിൽ പാർക്ക് ചെയ്ത ഭക്തരുടെ ബസിൽ മൂന്ന് യുവതികൾ എത്തിയത് പ്രതിഷേധക്കാരുടെ ബഹളത്തിന് ഇടയാക്കി. ഒപ്പമുള്ളവർ ദർശനം നടത്തി വരട്ടേയെന്നും തങ്ങൾ മലകയറുന്നില്ലെന്നും തീരുമാനിച്ച് ഇവർ ബസിൽ തന്നെ ഇരിക്കുകയായിരുന്നു. എന്നാൽ ഇവർ മലകയറാനെത്തിയതാണെന്ന് പ്രതിഷേധക്കാർ ധരിച്ചു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

ജനുവരി നാലിന് ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറിനെ പ്രതിഷേധക്കാർ തടഞ്ഞു. ശബരിമല കർമ്മ സമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അക്രമങ്ങളും പ്രതിഷേധവും കാരണം ചില സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താൻ സാധിച്ചില്ല.