മൂവാറ്റുപുഴ: നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും രോഗീ ബന്ധുസംഗമവും നടത്തി. രാവിലെ ആശുപത്രി പരിസരത്തു നിന്ന് വർണ്ണശബളമായ ഘോഷയാത്ര നടന്നു. മുനിസിപ്പൽ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടന്ന പാലിയേറ്റീവ് ദിനാചരണവും ബന്ധുസംഗമവും നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. ഇലാഹിയ അഡ്‌സ് കോളേജിന്റെയും മണിമലക്കുന്ന് എസ്.എം.ഇ. കോളേജ്, വെൽകെയർ, ബസേലിയോസ്, നിർമ്മല എന്നീ കോളേജുകളിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾ പങ്കെടുത്ത ഘോഷയാത്രയിൽ സെന്റ് അഗസ്റ്റിൻസ്, എസ്.എൻ.ഡി.പി. സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഫ്രീഡം ഓൺവീൽസ് അവതരിപ്പിച്ച ഗാനമേളയും നടന്നു. പാലിയേറ്റീവ് രോഗികൾക്കായി വിവിധ സംഘടനകൾ ഭക്ഷ്യവസ്തുക്കളും മറ്റും വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം. സീതി, പ്രമീള ഗിരീഷ്‌കുമാർ, കൗൺസിലർമാരായ സി.എം. ഷുക്കൂർ, സെലിൻ ജോർജ്, സിന്ദു ഷൈജു, ജിനു ആന്റണി, ഷിജി തങ്കപ്പൻ, കെ.ബി. ബിനീഷ്‌കുമാർ, അഡ്വ. പ്രേംചന്ദ്, പി.എസ്. വിജയകുമാർ, ഷൈല അബ്ദുള്ള, ഡോ. കെ.എൻ. സതീശൻ, ഡോ. സെൽവി , അഡ്വ. പോൾ ചാത്തക്കണ്ടം, നെജീർ ഉപ്പൂട്ടിങ്കൽ എന്നിവർ സംസാരിച്ചു.