കിഴക്കമ്പലം: റോഡ് തകർന്നപ്പോൾ ഇന്റർലോക്ക് കട്ട പാകിയെങ്കിലും വിരിച്ച കട്ട ഇളകിയതോടെ അപകടങ്ങൾ പതിവായി. ആലുവ - കോലഞ്ചേരി റോഡിലെ മോറയ്ക്കാല മുതൽ പറക്കോട് വരെയുള്ള ഭാഗത്തെ കട്ടകളാണ് ഇളകിയത്. കഴിഞ്ഞ മാസം 9 നാണ് പൊതുമരാമത്തിന്റെ കീഴിലുള്ള റോഡിലെ പൊട്ടിപ്പൊളിഞ്ഞ രണ്ടു ഭാഗങ്ങളിൽ കട്ട വിരിച്ചത്.എന്നാൽ പണി തീർന്ന് ദിവസങ്ങൾക്കകം കട്ടകൾ പൊളിഞ്ഞു. സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ഇരുചക്രവാഹനങ്ങൾ കട്ടകളിൽ തെന്നി വീഴുന്നത് പതിവായി. റോഡിന്റെ പല ഭാഗങ്ങളിലും കുഴികളുള്ളതിനാൽ ഇതിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമായി.