മൂവാറ്റുപുഴ: പുതിയ വിദ്യാലയ മന്ദിരത്തിന്റെയും സഹപാഠിക്കൊരു സ്‌നേഹഭവനത്തിന്റേയും സമർപ്പണം മന്ത്രി ഇ.പി. ജയരാജൻ ഇന്ന് ഉച്ചക്ക് 2ന് നിർവഹിക്കുമെന്ന് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ വിദ്യാലയ മന്ദിരത്തിന്റെയും പി.ടി.എ., സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് നിർമ്മിച്ച സ്‌നേഹഭവനത്തിന്റേയും (സഹപാഠിയ്‌ക്കൊരുവീട്) സമർപ്പണമാണ് നടക്കുന്നത്. തുടർന്നു നടക്കുന്ന പൊതുസമ്മേളനവും മന്ത്രി ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ.യും മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാനുമായ.ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും. മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, വൈസ് പ്രസിഡന്റ് വി. ഫിലിപ്പ്, ജില്ലാ പഞ്ചായത്ത്‌മെമ്പർ ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത സോമൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി കുര്യാക്കോസ്, പൊതുവിദ്യാഭ്യാസ ജോ. ഡയറക്ടർ സി.എ. സന്തോഷ്, ഡി.ഡി.ഇ കുസുമം കെ.എസ്, ഡി.ഇ.ഒ സാവിത്രി കെ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, കെ.കെ. സോമൻ. പ്രിൻസിപ്പൽ അനിത കെ. നായർ എന്നിവർ സംസാരിക്കും.
1964 ൽ ആരംഭിച്ച വിദ്യാലയം പശ്ചാത്തല ഭൗതിക സൗകര്യങ്ങളോടെ പഠന മികവ് തെളിയിച്ച് മുന്നേറുകയാണ്. 1964ൽ 96 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 1700 കുട്ടികൾ പഠിക്കുന്നു. 2014 ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതോടെ സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി 240 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ഉയർന്ന വിജയശതമാനത്തിലും കലാ കായികമേഖലയിലും സ്കൂൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രിൻസിപ്പാൾ അനിത കെ.നായർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, കോ ഓർഡിനേറ്റർ പ്രജിത് ആർ.കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.