കൊച്ചി: ട്രേഡ് യൂണിയനുകളുടെ പിടിവാശിക്കും മാനേജ്മെന്റിന്റെ മർക്കട മുഷ്ടിക്കുമിടയിൽ നഷ്ടത്തിന്റെ കുത്തുപാളയെടുത്ത കെ.എസ്.ആർ.ടി.സിയിൽ സംയുക്ത ട്രേഡ് യൂണിയൻ ഇന്നലെ അർദ്ധരാത്രി തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി ഇടപെടലിനെയും സർക്കാരിന്റെ അവസാന നിമിഷ അനുരഞ്ജനത്തെയും തുടർന്ന് പിൻവലിച്ചു.
പണിമുടക്കിന് എതിരായ പൊതുതാത്പര്യ ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നതുവരെ സമരം തടഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് ഉത്തരവിട്ട ഹൈക്കോടി, ഒത്തുതീർപ്പിനു ശ്രമിക്കാതിരുന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റേതാണ് ഹർജി.
കോടതി വിധി ധിക്കരിച്ച് പണിമുടക്കിൽ ഉറച്ചുനിൽക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ആദ്യം തീരുമാനിച്ചെങ്കിലും, കോടതിയലക്ഷ്യത്തിലൂടെ കാര്യങ്ങൾ വഷളാക്കാതെ അനുരഞ്ജനത്തിന് ഇടതുനേതാക്കാൾ തന്നെ മുൻകൈയെടുത്തു. തുടർന്ന്, മന്ത്രി എ.കെ ശശീന്ദ്രനുമായി സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയാത്.
ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ ശുപാർശകൾ പൂർണ്ണമായും നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പത്തു മണിക്കൂറിലധികം ദൈർഘ്യമുള്ള സർവീസുകളിൽ ഇടയ്ക്ക് ജീവനക്കാർ മാറുന്നതിനു പകരം എട്ടു മണിക്കൂർ ജോലിക്കു ശേഷം വിശ്രമം ഉറപ്പുവരുത്തി സെക്കന്റ് ഡ്യൂട്ടി നൽകും. ഒന്നര ഡ്യൂട്ടി സംവിധാനം നിർത്തലാക്കും. രണ്ടു ഡ്യൂട്ടി സംവിധാനം അടുത്ത തിങ്കളാഴ്ച 21 മുതൽ നിലവിൽവരും.
മെക്കാനിക്കൽ ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കരിച്ചതിലെ പരാതികൾ 29 ന് ചർച്ച ചെയ്യും.
ശമ്പളപരിഷ്‌കരണ കരാർ കാലോചിത മാറ്റങ്ങളോടെ പുതുക്കുന്നതിൽ 30 ന് ചർച്ച ചുടങ്ങും. കരാർ പുതുക്കുന്നതു വരെ നിലവിലെ വ്യവസ്ഥകൾ തുടരും. പി.എസ്.സി നിയമനം പൂർത്തിയായ ശേഷവും ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
രാവിലെ യൂണിയൻ നേതാക്കൾ എം.ഡി ടോമിൻ തച്ചങ്കരിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വൈകിട്ടത്തെ ചർച്ചയിൽ എം.ഡി ടോമിൻ തച്ചങ്കരി, ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരും സമരസമിതി നേതാക്കളായ ആർ.ശശിധരൻ, സി.കെ. ഹരികൃഷ്ണൻ, എം.ജി.രാഹുൽ എന്നിവരും പങ്കെടുത്തു.
ഇരുകൂട്ടർക്കും കോടതി പ്രഹരം
സമരക്കാരോട്
സമരം അവസാന മാർഗമാണ്.ഒത്തുതീർപ്പു ശ്രമം നടക്കുന്നതിനിടെ പണിമുടക്ക് നടത്തുന്നത് ശരിയല്ല.
ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ നോട്ടീസിൽ നടപടിയില്ലെങ്കിൽ നേരിട്ട് കടുത്ത സമരത്തിലേക്ക് നീങ്ങുന്നത് ശരിയല്ല.
പണിമുടക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.ഇപ്പോഴത്തെ സ്ഥിതിയിൽ അനിശ്ചിതകാല പണിമുടക്ക് സർക്കാരിനും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും.
തച്ചങ്കരിയോട്
പണിമുടക്കു നോട്ടീസ് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും ഒത്തുതീർപ്പു ശ്രമം നടത്താതിരുന്ന എം.ഡിയുടെ നടപടി ശരിയായില്ല.
അനുരഞ്ജന ചർച്ചയ്ക്കായി ഇൗ നോട്ടീസ് യഥാസമയം ലേബർ കമ്മിഷണർക്കു വിടാതിരുന്നത് എന്ത്? എം.ഡിയുടെ പ്രവൃത്തികൾ വിശ്വാസയോഗ്യമല്ല
നോട്ടീസ് ലഭിച്ച ശേഷം എം.ഡി എന്ന നിലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകണം
ഹർജിയിൽ പറയുന്നത്
പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. പണിമുടക്ക് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ബസ് സർവീസ് അവശ്യ സേവനമായി പ്രഖ്യാപിക്കമെന്ന് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പൊതു- അവശ്യ സർവീസുകളിൽ പണിമുടക്ക് നോട്ടീസ് നൽകുമ്പോൾത്തന്നെ ഒത്തുതീർപ്പു ശ്രമങ്ങൾ തുടങ്ങിയതായി കണക്കാക്കാമെന്ന് വ്യവസ്ഥയുണ്ട്. ആ നിലയ്ക്ക് സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം.