mk-chandran

കൊച്ചി : കേരള ബാർ കൗൺസിലിനു കീഴിലുള്ള അഭിഭാഷക ക്ഷേമനിധിയിൽ നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്ത കേസിൽ കേരള അഡ്വക്കേറ്റ് വെൽഫെയർ കമ്മറ്റി അക്കൗണ്ടന്റായ എറണാകുളം തിരുവാങ്കുളം വയലിൽ റോഡിൽ മഞ്ചക്കാട്ടിൽ എം.കെ. ചന്ദ്രനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്നലെ വിജിലൻസ് സി.ഐ എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യാൻ ഇയാളെ വിളിച്ചു വരുത്തിയ ശേഷം വിജിലൻസ് മദ്ധ്യമേഖലാ എസ്.പി കെ. കാർത്തിക് നൽകിയ നിർദേശാനുസരണം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

അഭിഭാഷക ക്ഷേമനിധി ട്രസ്റ്റിന്റെ 2007 മുതൽ 2010 വരെയുള്ള കണക്കുകൾ ആഡിറ്റ് ചെയ്തിരുന്നില്ല. വ്യാപകമായ ക്രമക്കേട് ഇക്കാലയളവിൽ നടന്നെന്ന പരാതിയിൽ കേസെടുത്ത വിജിലൻസ് ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗത്തിന്റെ സഹായത്തോടെ ആഡിറ്റ് നടത്തിയപ്പോഴാണ് ഏഴ് കോടിയുടെ തട്ടിപ്പു കണ്ടെത്തിയത്. ക്ഷേമനിധിയിലേക്ക് അഭിഭാഷകർ നൽകുന്ന വരിസംഖ്യയിലും ക്ഷേമനിധി സ്റ്റാമ്പ് വരുമാനത്തിലും ക്രമക്കേടു കാണിച്ചാണ് പണം തട്ടിയതെന്ന് വിജിലൻസ് വ്യക്തമാക്കി.

കോടതികളിൽ നൽകുന്ന ഹർജികളിൽ ക്ഷേമനിധി സ്റ്റാമ്പ് പതിക്കണമെന്നുണ്ട്. ഇങ്ങനെ സ്റ്റാമ്പ് വിറ്റു കിട്ടുന്ന തുക ക്ഷേമനിധിയിലേക്ക് വരവു വെക്കുന്നതിന് പകരം വ്യാജ ബാങ്ക് രേഖകളുണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നു.

പത്തു വർഷത്തിലേറെയായി ക്ഷേമനിധിയുടെ കണക്കുകൾ ആഡിറ്റ് ചെയ്തിരുന്നില്ല. ഇതിൽ മൂന്നു വർഷത്തെ കണക്കുകളാണ് വിജിലൻസ് മുൻകൈയെടുത്ത് ആഡിറ്റ് ചെയ്തത്. ശേഷിച്ചകണക്കുകൾ കൂടി ആഡിറ്റ് ചെയ്യുന്നതോടെ തുക വർദ്ധിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ജൂണിൽ തമിഴ്നാട്ടിലെ ഒരു കള്ളനോട്ടു കേസിൽ ചന്ദ്രനെ തിരുച്ചിറപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചന്ദ്രൻ വിജിലൻസിന്റെ പിടിയിലായത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ചന്ദ്രനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.