കൊച്ചി: മൂന്നാറിലെ മലയോരങ്ങളിൽ അതിശൈത്യം വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പായെങ്കിലും തോട്ടം മേഖലയ്ക്ക് തിരിച്ചടിയായി. തേയിലക്കൊളുന്ത് നശിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടം തോട്ടങ്ങൾക്കുണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ ശൈത്യമാണ് പത്തു ദിവസത്തിലേറെയായി മൂന്നാർ മേഖലയിൽ അനുഭവപ്പെടുന്നത്. മൈനസ് നാലു ഡിഗ്രിവരെ താപനില താഴ്ന്നതോടെ തേയിലച്ചെടികളിലും മറ്റും മഞ്ഞുറഞ്ഞു.
മഞ്ഞുവീഴ്‌ച മൂലം മൂന്നാർ മേഖലയിലെ കെ.എച്ച്.ഡി.പി ഉൾപ്പെടെ വിവിധ കമ്പനികളുടെ തോട്ടങ്ങളിൽ 882 ഹെക്‌ടറിലെ തേയിലക്കൊളുന്ത് നശിച്ചതായി അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് കേരള (എ.പി.കെ) അധികൃതർ പറഞ്ഞു. 27.39 ലക്ഷം കിലോഗ്രാം കൊളുന്ത് നശിച്ചിട്ടുണ്ട്. ഇതുമൂലം, ഇക്കുറി തേയില ഉദ്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ഉറപ്പായി.
രാത്രിയും പുലർച്ചെയുമുള്ള കനത്ത മഞ്ഞ് തേയിലക്കൊളുന്തിനുമേൽ കട്ട പിടിക്കും. സൂര്യനുദിക്കുന്നതോടെ ചൂടുമൂലം മഞ്ഞലിയും. കനത്ത മഞ്ഞും പിന്നീടുള്ള ചൂടും കൊളുന്തിന്റെ സെല്ലുകളുടെ ഘടന തകർക്കും. ദിവസങ്ങളോളം ഇങ്ങനെ സംഭവിച്ച കൊളുന്തിന് ഗുണനിലവാരം ലഭിക്കില്ല. ഇത്തരം കൊളുന്ത് തേയില ഉദ്പാദനത്തിന് ഉപയോഗിക്കാനുമാവില്ല.
സഞ്ചാരികൾ ഒഴുകുന്നു
അസുലഭമായി ലഭിക്കുന്ന അതിശൈത്യം ആസ്വദിക്കാൻ ഒരാഴ്‌ചയിലേറെയായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പ്രളയത്തിനുശേഷം ഏതാണ്ട് നിശ്ചലമായ വിനോദസഞ്ചാര മേഖല വീണ്ടും പൂർണമായി ഉണർന്നത് മഞ്ഞുവീഴ്ചയ്ക്ക് ശേഷമാണ്. ഹോട്ടലുകളും റിസോർട്ടുകളും നിറഞ്ഞു. മൂന്നാറിലേക്കുള്ള റോഡുകൾ പല ദിവസങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലുമായി. വടക്കേയിന്ത്യൻ സഞ്ചാരികളുടെ ഉൾപ്പെടെ ഒഴുക്ക് തുടരുകയാണ്. ജനുവരി ഒന്ന്, നാല്, ഏഴ് തിയതികളിലാണ് ഏറ്റവുമധികം ശൈത്യം അനുഭവപ്പെട്ടത്.
താപനില (ഡിഗ്രിയിൽ)
ചെണ്ടുവര : മൈനസ് നാല്
സൈലന്റ് വാലി : മൈനസ് രണ്ട്
പെരിയവര : മൈനസ് രണ്ട്
കണ്ണിമല : മൈനസ് രണ്ട്
സെവൻമല : മൈനസ് രണ്ട്
മാട്ടുപ്പെട്ടി : മൈനസ് ഒന്ന്
തോട്ടങ്ങൾക്ക് ഇരട്ട നഷ്‌ടം
''പ്രളയം നൽകിയ കനത്ത നഷ്‌ടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കവേയാണ്, തേലിയ തോട്ടങ്ങൾക്ക് അടുത്ത തിരിച്ചടിയായി അതിശൈത്യമെത്തിയത്. കോടികളുടെ നഷ്ടവും ഉദ്പാദനക്കുറവും ഇതുമൂലം സംഭവിക്കും. ഇരട്ട നഷ്‌ടം നേരിടുകയാണ് തേയില തോട്ടങ്ങൾ"
ബി.പി. കരിയപ്പ,
ചെയർമാൻ
എ.പി.കെ
ആഘാതം ഏപ്രിൽ വരെ
'അതിശൈത്യം ഏതാനും മാസത്തെ ഉദ്പാദനത്തെ പ്രതികൂലമായി ബാധിക്കും. വിളവെടുപ്പ് സാധാരണ നിലയിലെത്താൻ ഏപ്രിൽ വരെ സമയമെടുക്കും. ഫ്രോസ്റ്റ് ടീ എന്ന ഉയർന്ന നിലവാരമുള്ള പ്രത്യേക തേയിലയുടെ ഉദ്പാദനത്തെ സാരമായി ബാധിക്കും"
അനിൽ ജോർജ്,
വൈസ് പ്രസിഡന്റ് (ടീ)
ഹാരിസൺസ് മലയാളം ലിമിറ്റഡ്