കൊച്ചി : കൊടുവള്ളി മണ്ഡലത്തിലെ ഇടത് എം.എൽ.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പു വിജയം ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർത്ഥി മുസ്ളിം ലീഗിലെ എം.എ. റസാഖിനെ അപകീർത്തിപ്പെടുത്തുന്ന ഡോക്യുമെന്ററി മണ്ഡലത്തിലുടനീളം പ്രദർശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വോട്ടർമാരായ കെ.പി. മുഹമ്മദ്, മൊയ്തീൻ കുഞ്ഞി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ വിധി. ഇന്നലെ അദ്ദേഹം വിരമിക്കുകയും ചെയ്തു. എം.എ. റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം പക്ഷേ, അനുവദിച്ചില്ല.
അതേസമയം, സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസത്തേക്ക് സ്റ്റേ ആവശ്യപ്പെട്ടുള്ള കാരാട്ട് റസാഖിന്റെ ഹർജി കോടതി അനുവദിച്ചു. കാരാട്ട് റസാഖിന് ഇക്കാലയളവിൽ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യുന്നതിനും ആനുകൂല്യങ്ങൾ വാങ്ങുന്നതിനും വിലക്കുണ്ട്. സ്റ്റേ ഉത്തരവിന്റെ വിശദാംശങ്ങൾ സ്പീക്കർക്കും തിരഞ്ഞെടുപ്പു കമ്മിഷനും നൽകണം.
2016 ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിനാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എതിർ സ്ഥാനാർത്ഥി എം.എ. റസാഖിനെതിരെ ഡോക്യുമെന്ററി തയ്യാറാക്കി മണ്ഡലത്തിലുടനീളം പ്രദർശിപ്പിച്ചിരുന്നു. വോട്ടർമാരിൽ മുൻവിധിയുണ്ടാക്കാൻ പര്യാപ്തമായ ഡോക്യുമെന്ററിയിലൂടെ ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (2), (4) എന്നീ വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേടാണ് നടത്തിയതെന്ന് ഹൈക്കോടതി വിലയിരുത്തി.