bar

കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി നിർദ്ദേശിച്ചാൽ അതിന് തയ്യാറാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മന്ത്രിയായിരിക്കെ കെ.എം. മാണി ലൈസൻസ് പുതുക്കി നൽകാൻ ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

നേരത്തേ തിരുവനന്തപുരം വിജിലൻസ് കോടതി ഇൗ കേസിൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ തുടരന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇൗ ഉത്തരവിനെ ചോദ്യംചെയ്ത് കെ.എം. മാണിയും മുൻകൂർ അനുമതി വേണമെന്ന നിർദ്ദേശത്തെ ചോദ്യംചെയ്ത് വി.എസ്. അച്യുതാനന്ദനടക്കമുള്ളവരും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജികളിലാണ് വിജിലൻസ് എസ്.പി കെ.ഇ. ബൈജു നിലപാട് വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.

തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടി അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇൗ വിഷയം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചതായി വിജിലൻസ് വകുപ്പ് അഡി.ചീഫ് സെക്രട്ടറി 2018 ഡിസംബർ 10 ന് മറുപടി നൽകിയിരുന്നു. വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും ഹൈക്കോടതിയെ സമീപിച്ചതിനാൽ തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. 2018 ഡിസംബർ 12 ന് ഇക്കാര്യം വ്യക്തമാക്കുന്ന മറുപടിയും അഡി. ചീഫ് സെക്രട്ടറി അപേക്ഷകന് നൽകിയിരുന്നെന്ന് സ്റ്റേറ്റ്മെന്റിൽ പറയുന്നു.