കൊച്ചി : പ്രഥമ പ്രോ വോളിബാൾ ലീഗ് (പി.വി.എൽ) കൊഴുപ്പിക്കാൻ കൊച്ചിയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഫെബ്രുവരി രണ്ടു മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആരാധകർക്ക് ആവേശം പകരാൻ പി.വി.എല്ലിലെ കേരളത്തിന്റെ ടീമായ കൊച്ചി ബ്ളൂ സ്പൈക്കേഴ്സ് ടീം ജേഴ്സിയും തീം ഗാനവും പുറത്തിറക്കി.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ടീമുടമകളായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ തോമസ് മുത്തൂറ്റ്, തോമസ് ജോൺ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, കോച്ച് ടി.സി ജോതിഷ് തുടങ്ങിയവർ ചേർന്ന് ജേഴ്‌സിയും ഗാനവും അവതരിപ്പിച്ചു.
കേരളത്തിന് പ്രിയപ്പെട്ട കായിക വിനോദമായ വോളിബാൾ പ്രോ വോളിബോൾ ലീഗിലൂടെ പഴയ പ്രൗഡിയോടെ തിരിച്ചെത്തുമ്പോൾ കായിക മേഖലയ്ക്ക് ആവേശമാകുമെന്ന് തോമസ് മുത്തൂറ്റ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ കഴിവ് തെളിയിച്ച താരങ്ങളാണ് ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ താരം ഡേവിഡ് ലീ, ആന്ദ്രേ പതുക് എന്നീ വിദേശ കളിക്കാരുൾപ്പെടുന്ന ബ്ലൂ സ്‌പൈക്കേഴ്‌സിൽ ഇന്ത്യൻ ഇന്റർനാഷണലുകളായ പ്രഭാകരൻ എസ്, മോഹൻ ഉക്ര പാണ്ഡ്യൻ, കെ. പ്രവീൺ കുമാർ, സുരേഷ് ചന്ദ്ര കോയ് വാൾ, മുജീബ്, ഹരിപ്രസാദ്, മനു ജോസഫ്, രോഹിത് പി, സുജോയ് ദത്ത, അങ്കുർ സിംഗ്, വിനായക് രോഖഡേ, എസ്.വി. ഗുരു പ്രശാന്ത് തുടങ്ങിയവർ അണിനിരക്കും.
ഫെബ്രുവരി ആദ്യവാദത്തിൽ 12 മത്സരങ്ങൾ കൊച്ചിയിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ചെന്നൈയിലും നടക്കും. ഫെബ്രുവരി രണ്ടിന് യു. മുംബ വോളിയുമായാണ് സ്പൈക്കേഴ്സിന്റെ ആദ്യ മത്സരം. ആറു ടീമുകളാണ് പ്രോ വോളിബൾ ലീഗിൽ ഏറ്റുമുട്ടുന്നത്.