justice-abraham-mathew

കൊച്ചി : കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ.എബ്രഹാം മാത്യു സർവീസിൽ നിന്ന് വിരമിച്ചു. ഇന്നലെ ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഉൾപ്പെടെയുള്ള സഹജഡ്‌ജിമാരും അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി. ശ്രീധരൻ നായർ തുടങ്ങിയവരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും പങ്കെടുത്തു.

വൈക്കം ചെമ്പ് സ്വദേശിയായ എബ്രഹാം മാത്യു താനെ ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയശേഷം 1988 ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2001 ൽ ജില്ലാ ജഡ്ജിയായി. 2004 ജനുവരിയിൽ ജുഡിഷ്യൽ അക്കാഡമി അഡിഷണൽ ഡയറക്ടറായി. 2010 മുതൽ 2012 വരെ ഡയറക്ടറും. പിന്നീട് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറായി ചുമതലവഹിച്ചു. തൊടുപുഴ ജില്ലാ സെഷൻസ് ജഡ്‌ജിയായിരിക്കെ 2014 ജനുവരി ഒന്നിനാണ് കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിയായി നിയമിച്ചത്. 2016 മാർച്ചിൽ സ്ഥിരം ജഡ്ജിയായി.