കിഴക്കമ്പലം: ജനകീയ സഹകരണത്തോടെ സാധാരണക്കാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ ഭാവി ടൂറിസത്തിലാണ്. കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയിൽപ്പെട്ട മനയ്ക്കക്കടവ് തൂക്കുപാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കടമ്പ്രയാർ എക്കോ ടൂറിസം പദ്ധതിയെ അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ മെച്ചപ്പെട്ട ഇരിപ്പിടങ്ങളും ബാത്ത്റൂം സംവിധാനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വി. പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെൽ മാനേജിംഗ് ഡയറക്ടർ ഷാജി എം വർഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, വിനോദസഞ്ചാരവകുപ്പ് ജോയിന്റ് ഡയറക്ടർ നന്ദകുമാർ കെ പി ,ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ അയ്യപ്പൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി നഗരാതിർത്തിയിൽ കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തുകളിലാണ് കടമ്പ്രയാർ ടൂറിസം പദ്ധതി. പ്രകൃതിരമണീയമായ ഈ പ്രദേശം കേരളത്തിലെ എക്കോ ടൂറിസം മേഖലയ്ക്ക് പൊതു സാദ്ധ്യതകൾ തുറന്നുകൊടുക്കുന്നതാണ്. രണ്ടു പാലങ്ങളാണ് പദ്ധതിയുടെ ഭാഗമായി കടമ്പ്രയാർ നിർമ്മിച്ചിരിക്കുന്നത്. ഒന്നേകാൽ കോടി മുടക്കി 45 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലും നിർമ്മാണം പൂർത്തീകരിച്ച മനയ്ക്കക്കടവ് പാലം, 90 കോടി മുടക്കി 41 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലും നിർമ്മിച്ച കടമ്പ്രയാർ പാലവും. ബോട്ടിംഗിനായി ഇരുപതോളം പെഡൽ ബോട്ടുകളും മോട്ടോർ ബോട്ടുകളും കുട്ടവഞ്ചികളും പദ്ധതിയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.