മൂവാറ്റുപുഴ: ചെറുവട്ടൂർ - പായിപ്ര റോഡ് ടാറിംഗിലെ ക്രമക്കേടിനെക്കുറിച്ച് ഉയർന്ന പരാതിയെക്കുറിച്ച് എൻജിനിയറുടെ സംഘം എത്തി പരിശോധന നടത്തി. പായിപ്ര കവലയിൽ നിന്നുതുടങ്ങിയ പരിശോധന മൈക്രോജംഗ്ഷൻ വരെ തുടർന്നു. പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗം ചീഫ് എൻജിനിയർ ആർ. ബീന, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ ശങ്കർകുമാർ, മൂവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ ഷിജി കരുണാകരൻ, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി.എം. സത്യൻ, അസിസ്റ്റന്റ് എൻജിനിയർ ബേബി ബിന്ദു എന്നിവരാണ് പരിശോധന നടത്തിയത്. കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ പി.എസ്. ഗോപകുമാർ, വി.എച്ച് ഷെഫീക്ക്, മറിയംബീവി നാസർ, സാമൂഹ്യ പ്രവർത്തകരായ എം.എം.ഷീഹാബുദ്ദീൻ , പി.എ. കബീർ എന്നിവർ റോഡ് നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് സംഘത്തിന് വിശദീകരിച്ചുകൊടുത്തു.
ആഴ്ചകൾക്ക് മുമ്പ് ടാർ ചെയ്ത പായിപ്ര- ചെറുവട്ടൂർ റോഡിലെ ടാർ ഉണങ്ങും മുമ്പേ റോഡ് നിരവധി സ്ഥലങ്ങളിൽ തകർന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 2.26കോടി രൂപ മുടക്കി നവീകരിച്ച റോഡിനാണ് ഈ ദുർഗതി . പായിപ്ര കുരിശുപടിക്കു സമീപമാണ് റോഡിലെ പൊളിഞ്ഞ ടാർ മാറ്റി വീണ്ടും ടാർ ചെയ്തത്. റോഡ് നവീകരണം ആരംഭിച്ചതുമുതൽ റോഡ് നിർമ്മാണത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.
പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര കവലയിൽ നിന്നാരംഭിച്ച് പഞ്ചായത്ത് അതിർത്തിയായ കക്ഷായിപ്പടിയിൽ അവസാനിക്കുന്ന നാല് കിലോമീറ്റർ റോഡിന്റെ സ്ഥിതിയാണിത്. റോഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുക, കലുങ്കുകൾ പുനർ നിർമിക്കുക, ഓടകൾ നവീകരിക്കുക, റോഡിന്റെ ഇരുസൈഡുകളിലും കോൺക്രീറ്റ് ചെയ്യുക, റിഫ്‌ളക്ടറുകളും ലൈറ്റുകളും ദിശാ, സിഗ്‌നൽ ബോർഡുകളും മറ്റും സ്ഥാപിക്കുക എന്നിവയ്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ഒരു വർഷത്തെ ഗാരന്റിയിലാണ് റോഡ് നിർമ്മാണത്തുന്നതിന് ടെൻഡർ നൽകിയിരിക്കുന്നത്.