veedu-thakooldanam-
പറവൂരിലെ സൗഹൃദ കൂട്ടായ്മ തുടങ്ങിവെച്ച ‘ഹോം ചലഞ്ച്’ പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം വി.‌ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ : പ്രളയബാധിതർക്കായി നിർമിച്ച ആറ് വീടുകളുടെ താക്കോൽ കൈമാറി. പറവൂരിലെ സൗഹൃദ കൂട്ടായ്മ തുടങ്ങിവെച്ച ‘ഹോം ചലഞ്ച്’ പദ്ധതിയുടെ തുടർച്ചയായി മുന്നോട്ടുവന്ന സംഘടനകളുടെ സഹായത്തോടെയാണ് വീടുകൾ നിർമ്മിച്ചത്.

ഏഴിക്കര ആയപ്പിള്ളി മനോജ്, വടക്കുംപുറം പാത്രക്കടവിൽ ഉഷ സുരേന്ദ്രൻ എന്നിവർക്കു താൻസാനിയ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംഘടന താൻസാനിയ കലാമണ്ഡലം ഗ്രൂപ്പാണ് വീടു നിർമ്മിച്ചു നൽകിയത്. മാളികംപീടിക പുതുവന വീട്ടിൽ പ്രവീൺ അബ്ദുൽ കരിമിന്റെയും വെസ്റ്റ് വെളിയത്തുനാട് ചാത്തൻകുട്ടി ഖദീജ ബീവിയുടെയും വീടുകൾ ആലുവ കേന്ദ്രമായ പ്ലാൻ അറ്റ് എർത്ത് നിർമ്മിച്ചു. കൂട്ടുകാട് തേവാറാൻ സുരഭിയുടെ വീട് ദുബായ് ഹിറ്റ് എഫ്.എം നിർമ്മിച്ചു. ഏഴിക്കര ആയപ്പിള്ളി രമേശനു പൂവത്തുങ്കൽ ജോർജ് – ടെസി ദമ്പതികളുടെ 3 പെൺമക്കളും തറമേൽ ക്ഷേത്രസമതിയും അഭ്യുദയകാംക്ഷികളും ചേർന്നാണ് വീടൊരുക്കിയത്.

വീടുകളുടെ താക്കോൽ വി.ഡി. സതീശൻ എം.എൽ.എ, നഗരസഭാ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ബാലതാരം മീനാക്ഷി, വീടു നിർമിച്ച സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് കൈമാറി. നടൻ വിനോദ് കെടാമംഗലം, താൻസാനിയ കലാമണ്ഡലം ഗ്രൂപ്പ് സെക്രട്ടറി വിപിൻ ഏബ്രഹാം, പ്ലാന്റ് അറ്റ് എർത്ത് പ്രതിനിധി ജെറിൻ എം. ജെയിംസ്, തറമേൽ ക്ഷേത്ര സമിതി പ്രതിനിധി സരസ്വതി കുഞ്ഞമ്മ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, ജസ്റ്റിൻ തച്ചിലേത്ത് തുടങ്ങിയവർ സംസാരിച്ചു. വീട് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച കോൺട്രാക്ടർമാരായ സന്തോഷിനെയും ബാബുവിനെയും ആദരിച്ചു