smj1
മുംബയ് ചെമ്പൂർ ശങ്കരാലയം ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല മുൻ മേൽശാന്തി എസ്.ഇ. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കളഭാഭിഷേകം

മുംബയ്: മുംബയ് ചെമ്പൂർ ശങ്കരാലയം ശാസ്‌താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല മുൻ മേൽശാന്തി എസ്.ഇ. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം നടന്നു. മലയാളികളുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ 'സേവ് ശബരിമല" കാമ്പയിനുമായാണ് മകരവിളക്ക് ആഘോഷിക്കുന്നത്. സ്ത്രീ - പുരുഷ വ്യത്യാസമില്ലാത്ത പിന്തുണയാണ് ഇതിന് ലഭിക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ജയന്ത് ലാപ്‌സിയ 'കേരളകൗമുദി" യോട് പറഞ്ഞു.
ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി എസ്.ഇ. ശങ്കരൻ നമ്പൂതിരി, വിശ്വാസികൾക്കായി നിയമപോരാട്ടം നയിക്കുന്ന പത്മപിള്ള (റെഡി ടു വെയ്റ്റ്), അഡ്വ. സായി ദീപക്, അരവിന്ദ് സുബ്രഹ്മണ്യം, യുവരാജ കുപ്പുസ്വാമി (മലേഷ്യ അയ്യപ്പസേവാസംഘം), കെ. അയ്യപ്പദാസ് (പ്രസിഡന്റ്, അഖില ഭാരതീയ അയ്യപ്പ പ്രചാരസഭ) എന്നിവരെ ആദരിക്കും.
ഇന്നലെ രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മഹാദീപാരാധന, കോയമ്പത്തൂർ സഹോദരിമാരുടെ ഭക്തിഗാനാലാപനം എന്നിവയും നടന്നു. ഇന്ന് രാവിലെ ആറിന് ഗണപതിഹോമം, 8.43ന് സഹസ്രകലശാഭിഷേകം, 12.48 ന് മഹാദീപാരാധന, വൈകിട്ട് 6.45 മുതൽ ഭക്തിഗാനം എന്നിവ നടക്കും.
നാളെ രാവിലെ 6ന് ഗണപതിഹോമം, 8ന് സഹസ്രനാമ അർച്ചന, 10.15ന് ശാസ്താപ്രീതി, ഭക്തിഗാനം, 12.35ന് മഹാദീപാരാധന, വൈകിട്ട് 6.45ന് ആഞ്ജനേയ ഉത്സവം എന്നിവയോടെ ഉത്സവം സമാപിക്കും.
ട്രസ്റ്റ് പ്രസിഡന്റ് ജയന്ത് ലാപ്സിയ, സെക്രട്ടറി വി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.എം. വെങ്കിടേഷ്,ട്രഷറർ ജി. വെങ്കിടാചലം, കെ.എൻ. ചന്ദ്രശേഖരൻ, എൻ.ആർ. രഘുനാഥൻ, എസ്. രാധാകൃഷ്‌ണൻ, പ്രൊഫ. ആർ.എസ്.എസ് മണി, എ.എച്ച്. പ്രമേഷ്, പ്രേമാ സുന്ദരേഷ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

പ്രത്യേകപതിപ്പ് പ്രകാശനം ഇന്ന്
ചെമ്പൂർ ശങ്കരാലയം ശാസ്‌താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 'കേരളകൗമുദി" പ്രസിദ്ധീകരിക്കുന്ന സ്‌പെഷ്യൽ പതിപ്പ് ഇന്ന് രാവിലെ 11ന് പ്രകാശനം ചെയ്യും.