high-court

കൊച്ചി: ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്കുള്ള മരുന്നിനും ജീവൻരക്ഷാ ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ സാമഗ്രികൾക്കും നികുതി ഇൗടാക്കരുതെന്ന് ഹൈക്കോടതി. അവശ്യ മരുന്നുകൾക്കും ജീവൻരക്ഷാ ഉപകരണങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നതിനെതിരെ നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഫുൾബെഞ്ച് വിധി പറഞ്ഞത്. ജീവൻ രക്ഷിക്കുന്നതിന് മരുന്നുകളും മറ്റും നൽകുന്നത് വില്പനയായി കണക്കാക്കരുത്. ഈ തുക ഇൗടാക്കുമ്പോൾ നികുതി വാങ്ങരുതെന്നും മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ കാര്യമാണ് പരിഗണിച്ചത്.

നേരത്തേ ഈ വിഷയം ഹൈക്കോടതി ഡിവിഷൻബെഞ്ച് പരിഗണിച്ചിരുന്നു. അടിയന്തര മരുന്നിനും മറ്റും നികുതി ഇൗടാക്കരുതെന്ന നിലപാടാണ് അന്ന് ഡിവിഷൻബെഞ്ച് സ്വീകരിച്ചത്. എന്നാൽ സമാന വിഷയത്തിൽ മറ്റൊരു ഡിവിഷൻബെഞ്ച് നികുതി ഇൗടാക്കാമെന്നും പറഞ്ഞിരുന്നു. തുടർന്നാണ് ഹർജികൾ ഫുൾബെഞ്ചിന് വിട്ടത്.

അതേസമയം ഡോക്ടറുടെ നിർദ്ദേശാനുസരണം ആശുപത്രി ഫാർമസിയിൽ നിന്ന് വാങ്ങുന്ന മരുന്നിന് നികുതി ഇൗടാക്കുന്നതടക്കം ഹർജികളിലെ മറ്റു വിഷയങ്ങൾ ഡിവിഷൻബെഞ്ച് പരിഗണിക്കും. ആശുപത്രികളെ മരുന്നു വിൽക്കാനുള്ള ബിസിനസ് സ്ഥാപനമായി മാത്രം കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.